കാട്ടാന ജനവാസ കേന്ദ്രത്തിലെത്തുന്നത് തടയണം; കത്തോലിക്ക കോൺഗ്രസ് ഒലിപ്പാറയിൽ പ്രതിഷേധ സംഗമം നടത്തി.

ഒലിപ്പാറ: മംഗലംഡാം വില്ലേജിലെ നേർച്ചപ്പാറ ചെള്ളിക്കയം ഭാഗത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാന ഇറങ്ങി കൃഷി നാശം വരുത്തുന്നത് തടയാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി.

ഒലിപ്പാറയിൽ നടന്ന പ്രതിഷേധ യോഗം ഫാ.ജോൺസൺ കണ്ണാമ്പാടത്തിൽ ഉദ്ഘാടനം ചെയ്തു. ഒലിപ്പാറ യൂണിറ്റ് വൈസ് പ്രസിഡന്റ് മാത്യു തോമസ് ചേന്നാംകുളം അധ്യക്ഷനായി. എകെസിസി രൂപത ജനറൽ സെക്രട്ടറി ജിജോ അറയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. രൂപത സെക്രട്ടറി സേവ്യർ കലങ്ങോട്ടിൽ, യൂണിറ്റ് സെക്രട്ടറി വർഗീസ് കാരയ്ക്കൽ, റോയി പുൽപ്പാറയിൽ, സിബി ഇല്ലിക്കൽ, ലിൻസി കാക്കനാട്ട്, മിനി കുറിച്ചിത്താനം എന്നിവർ പ്രസംഗിച്ചു.

കാട്ടാന കൃഷി നാശം വരുത്തിയ സിബി സക്കറിയാസ് തുടിയൻപ്ലാക്കൽ, ടോമി തേക്കിൻകാട്ടിൽ, ജിജി കാവിപുരയിടത്തിൽ എന്നിവരുടെ കൃഷി സ്ഥലം സംഘം സന്ദർശിച്ചു.

കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുകയാണന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെയും കാട്ടാന എത്തിയെങ്കിലും വിളനാശം വരുത്തിയില്ല. തെങ്ങ്, കമുക്, വാഴ, കുരുമുളകു മുതലായ കൃഷികളാണ് നശിപ്പിച്ചത്.
രാവിലെ ടാപ്പിങ്ങിന് പോകുന്ന തൊഴിലാളികളും കുട്ടികളും ഭയപ്പാടിലാണ്‌. കഴിഞ്ഞ ദിവസം തലനാരിഴക്കാണ് ടാപ്പിങ്ങ് തൊഴിലാളി ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

അൻപതോളം കുടുംബങ്ങൾ നേർച്ചപ്പാറ, ചെള്ളിക്കയം ഭാഗങ്ങളിൽ താമസിക്കുന്നുണ്ട്. ഇവിടെ തോട്ടത്തിൽ വച്ച് പുലിയെ കണ്ടതായും നാട്ടുകാർ പറഞ്ഞു. കാട്ടുപന്നി, കുരങ്ങ്, മലയണ്ണാൻ എന്നിവയും വിക നാശം വരുത്തുന്നു.

ജനവാസ മേഖലയിൽ സ്ഥിരമായി കാണുന്ന പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നും വിളനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും കത്തോലിക്ക കോൺഗ്രസ് പ്രതിഷേധയോഗം ആവശ്യപ്പെട്ടു.നെന്മാറ
ഡിഎഫ്ഒ ക്ക് ഇതു സംബന്ധിച്ച പരാതി നൽകി.