മംഗലംഡാം: നേർച്ചപ്പാറയിൽ കാട്ടാനയിറങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വനവകുപ്പും, പ്രദേശവാസികളും രണ്ടുതട്ടിൽ. ഇന്നലെ പുലർച്ചെ നേർച്ചപ്പാറയിൽ വീണ്ടും ആനയിറങ്ങിയതായി നാട്ടുകാർ പറഞ്ഞെങ്കിലും, ബുധനാഴ്‌ച രാത്രി ആനയെ ഉൾക്കാട്ടിലേക്ക് കയറ്റിയെന്നും വരാനുള്ള സാധ്യതയില്ലെന്നും വനംവകുപ്പധികൃതർ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ സിബി സക്കറിയാസിൻറെ കൃഷിയിടത്തിൽ ആനയെത്തിയെന്നും തേക്കിന്റെ ചില്ല ഒടിച്ചതായും നാട്ടുകാർ പറഞ്ഞു.
തിങ്കളാഴ്ചയും, ചൊവ്വാഴ്‌ചയും സിബി സക്കറിയാസിന്റെ കൃഷിയിടത്തിൽ ആനയിറങ്ങിയിരുന്നു. ഈസമയത്ത് തേക്കിന്റെ ചില്ല ഒടിച്ചതാകാമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. നേർച്ചപ്പാറയോടു ചേർന്നുള്ള വനഭാഗത്ത് ആന ഇപ്പോഴും നിൽക്കുന്നുണ്ടെന്ന നിഗമനത്തെത്തുടർന്ന് ടാപ്പിങ് തൊഴിലാളികൾ ഭീതിയിലാണ്. മുപ്പതോളം പേരാണ് ഈ ഭാഗത്ത് ടാപ്പിങ് ചെയ്യുന്നത്. വീടുകളുടെ 20 മീറ്റർ അകലെവരെ കാട്ടാന എത്തിയിരുന്നു. പൂതംകുഴിയിൽ ടാപ്പിങ്ങിനിടെ അറാക്കൽ ജോയിയെ കാട്ടാന ഓടിച്ചെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു. നേർച്ചപ്പാറയിൽ തെരുവുവിളക്ക് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കാട്ടാനവിഷയത്തിൽ ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് വണ്ടാഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കാട്ടാനവിഷയം ചർച്ചചെയ്യുന്നത് പരിഹാരം കാണുന്നതിനായി ഇന്ന് ഉച്ചക്ക് 2 മണിക്ക് ഗ്രാമപ്പഞ്ചായത്തിൽ ജനജാഗ്രതാസമിതി ചേരുമെന്ന് വണ്ടാഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് പറഞ്ഞു. നേർച്ചപ്പാറയിൽ നിരീക്ഷണം തുടരുമെന്ന് മംഗലംഡാം ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.എ. മുഹമ്മദ് ഹാഷിം പറഞ്ഞു.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.