ആലത്തൂർ: ഡോക്ടർ ഇല്ലാത്തതിനാൽ താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിഭാഗം അടച്ചു. ഒരു മാസം മുമ്പ് സ്ഥലം മാറിയ ഡോക്ടർക്ക് പകരം നിയമിതനായ ആൾ ഇതുവരെ ചുമതല ഏൽക്കാത്തതുമൂലമാണ് നേത്രരോഗ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചത്.
കാസർകോട്ട് നിന്ന് പുതിയ ഡോക്ഡറെ ഇങ്ങോട്ട് നിയമിച്ചെങ്കിലും ഡോക്ടർ ഇതുവരെ എത്തിയിട്ടില്ല. അവിടെ നിന്ന് റിലീവ് ചെയ്യാൻ അനുവദിക്കുന്നില്ലെന്നാണ് ആരോപണം. ദിവസവും അൻപതോളം പേർ ഒപി യിൽ പരിശോധനയ്ക്ക് എത്തുന്നുണ്ട്.
മാസം തോറും 30ലധികം ശസ്ത്രക്രിയകളും നടത്തി വരുന്നതാണ്. പത്തോളം പേരെ കിടത്തി ചികിത്സിക്കാനുള്ള വാർഡ് സൗകര്യവും സജ്ജമാണ്. 1977 മുതൽ ജില്ലാ ആശുപത്രിക്കൊപ്പം പ്രവർത്തനം തുടങ്ങിയ താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിഭാഗം ഇതുവരെ ഡോക്ടർ ഇല്ലാത്തതിന്റെ പേരിൽ അടച്ചുപൂട്ടേണ്ടി വന്നിട്ടില്ല എന്നാണ് മുൻപ് ഇവിടെ സേവനമനുഷ്ഠിച്ച ഡോക്ടർമാർ പറയുന്നത്.
താലൂക്ക് ആശുപത്രിയിലെ കണ്ണ് ഡോക്ടർ ഇല്ലാത്തതുമൂലം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒട്ടേറെപ്പേർ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇതുമൂലം ഉണ്ടാവുന്ന സാമ്പത്തിക ബാധ്യത താങ്ങാവുന്നതിനപ്പുറമാണെന്ന് രോഗികൾ പറഞ്ഞു.
Similar News
അതിഥി തൊഴിലാളികൾക്ക് മലമ്പനി പരിശോധന ക്യാമ്പ് നടത്തി.
നെന്മാറ ആശുപത്രിയിൽ മുതിർന്നവർക്ക് പ്രത്യേക ഒപി കൗണ്ടർ തുടങ്ങും.
നിപ്പാ രോഗ ബോധവത്കരണ ക്ലാസ്സ് നടത്തി.