പാലക്കാട്: മണലി ബൈപ്പാസ് റോഡിൽ കൊപ്പം ജങ്ഷനിലെ സിഗ്നൽ തൂൺ ലോറിയിടിച്ച് തകർന്നുവീണു. ഇടിച്ചശേഷം ലോറി നിർത്താതെ പോയി. റോഡിന്റെ ഇരുവശങ്ങളിലെയും യാത്ര തടസ്സപ്പെടുത്തുന്നവിധം റോഡിനു കുറുകെയാണ് തൂൺ മറിഞ്ഞുവീണത്.
അപകടസമയത്ത് സിഗ്നലിനു തൊട്ടുതാഴെ വാഹനങ്ങൾ ഇല്ലാതിരുന്നത് തുണയായി. ട്രാഫിക്, കൺട്രോൾ റൂം പോലീസുകാരുടെയും, യാത്രക്കാരുടെയും സമയോചിതമായ ഇടപെടൽ കാരണം നിമിഷനേരംകൊണ്ട് വൈദ്യുതി വിച്ഛേദിച്ച് അപകടമൊഴിവാക്കാനായി.
അപകടത്തെത്തുടർന്ന് മണലി ബൈപ്പാസ് റോഡിൽ 45 മിനിറ്റിലധികം ഗതാഗതം തടസ്സപ്പെട്ടു. പരിസരത്തുള്ളവരും യാത്രക്കാരും പോലീസും സംയുക്തമായി തൂൺ റോഡിൽനിന്നുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇന്നലെ രാത്രി ഒമ്പതിനാണ് അപകടമുണ്ടായത്. കൽമണ്ഡപം ഭാഗത്തുനിന്നുവന്ന ചരക്കുലോറിയാണ് കൊപ്പം ജങ്ഷനിലെ സിഗ്നൽ തൂണിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തൂൺ മുഴുവനായി തകർന്നുവീണു. നിലത്ത് ഉറപ്പിച്ചിരിക്കുന്ന ഭാഗമുൾപ്പെടെ വളഞ്ഞ് പുഴകി വീഴുകയാണുണ്ടായത്. സാധാരണയായി ഏറെ തിരക്കുള്ള സ്ഥലമാണിതെങ്കിലും അപകടസമയത്ത് വാഹനങ്ങളില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
ഇടിച്ച ചരക്കുലോറി അല്പം പിന്നോട്ടെടുത്തശേഷം നിർത്താതെ പോയതായി പരിസരത്തുള്ളവർ പറഞ്ഞു. തൂൺ വീണത് റോഡിനുകുറുകെയായതിനാൽ ഇരുവശത്തും വാഹനങ്ങളുടെ നീണ്ടനിരയായി. പരസ്യബോർഡ് ഉൾപ്പെടെ നല്ലഭാരമുണ്ടായിരുന്ന തൂൺ എടുത്തുമാറ്റുക വെല്ലുവിളിയായിരുന്നു.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.