എരിമയൂർ മേഖലയിലേക്ക് നാളെ മുതൽ മലമ്പുഴ വെള്ളം വിടും.

ആലത്തൂർ: മലമ്പുഴ കനാൽവെള്ളം വിടുന്നതിലെ ഊഴം മാറ്റിയതോടെ, പാടങ്ങൾ ഉണങ്ങിത്തുടങ്ങിയ പ്രശ്‌നത്തിന് പരിഹാരമായി. നാളെ രാത്രി മുതൽ എരിമയൂർ കൃഷിഭവൻ പരിധിയിൽ മലമ്പുഴ കനാൽവെള്ളം തുറന്നുവിടും. ഒമ്പതാം തീയതി വരെ ഇവിടേക്ക് വെള്ളം വിടും. അതിനുശേഷമേ മറ്റ് പ്രദേശങ്ങളിലേക്ക് വെള്ളം തിരിച്ചുവിടൂ. മൂന്നാം തിയതി മുതൽ അഞ്ചാം തിയതി വരെ വെള്ളം തുറന്നുവിടാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്.

ഊഴം മാറ്റിയതോടെ എരിമയൂർ നവക്കോട്, മുട്ടിച്ചിറ, നെടുകെപ്പാടം, മണിയിൽപ്പാടം, മരുതക്കോട്, നമ്പൂതിരിക്കാട്, മോഡമ്പറമ്പ്, തേങ്കുറിശ്ശി ഗ്രാമപ്പഞ്ചായത്തിലെ മഞ്ഞളൂർ പ്രദേശങ്ങളിലാണ് കനാൽവെള്ളം കിട്ടാതെവന്നത്.

എരിമയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമകുമാറും കർഷകസംഘം ഏരിയാ സെക്രട്ടറി ആർ. രമേഷ് കുമാറും പാടശേഖരസമിതികളുടെ ഭാരവാഹികളായ പ്രതോഷ് കുമാർ, എ. രാജപ്പൻ, കെ. കൃഷ്ണൻകുട്ടി തുടങ്ങിയവരും മലമ്പുഴ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സ്മിത ബാലകൃഷ്ണനെ നേരിൽക്കണ്ട് പ്രശ്നം ഉന്നയിച്ചു. പദ്ധതി ഉപദേശകസമിതിയുടെ തീരുമാനപ്രകാരമാണ് ഊഴക്രമം മാറ്റിയതെന്ന് അവർ വ്യക്തമാക്കി.

ചൂലനൂർ, എരിമയൂർ, മഞ്ഞളൂർ പ്രദേശത്തേക്ക് വെള്ളം വിടുന്ന സമയക്രമം മാറ്റി കുനിശ്ശേരി, ചേരാമംഗലം പ്രദേശത്തേക്ക് വെള്ളം വിടുകയായിരുന്നു. ചേരാമംഗലം ആറ്റാല വിയറിൽ വെള്ളമെത്തിച്ചാണ് ആലത്തൂർ, കാവശ്ശേരി ഭാഗത്തേക്ക് ജലസേചനം നടത്തുന്നത്. കനാൽവെള്ളം കിട്ടുന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നതിനാൽ പ്രദേശത്തെ 10 ഹെക്ടറിൽ ഇത്തവണ കർഷകർ രണ്ടാംവില ഇറക്കിയിട്ടില്ല.