നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പോലീസ് കേസെടുത്തു.

പെരുവെമ്പ്: പെരുവെമ്പിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതുനഗരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പുണ്യംകാവ് തോട്ടുപാലം റിഥത്തിൽ നർമദയെ (28) ആണ് കഴിഞ്ഞ ദിവസം രാത്രി 11ന് സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ആർ.ഡി.ഒ.യുടെ പ്രതിനിധി ചിറ്റൂർ തഹസിൽദാർ എൻ.എൻ. മുഹമ്മദ് റാഫി ഇൻക്വസ്റ്റ് തയ്യാറാക്കി. പ്രാഥമിക അന്വേഷണത്തിൽ ശരീരത്തിൽ മുറിപ്പാടുകളോ, മറ്റോ കണ്ടെത്തിയില്ലെന്ന് അധികൃതർ പറഞ്ഞു. പോലീസ് സയന്റിഫിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

ഭർത്താവ് കുനിശ്ശേരി സ്വദേശി രാധാകൃഷ്ണനിൽനിന്നു പുതുനഗരം പോലീസ് മൊഴിയെടുത്തു. രണ്ടുവർഷം ഒരുമിച്ച് താമസിച്ച ഇവർ കഴിഞ്ഞ മാസമാണ് വിവാഹിതരായത്. നർമദയുടെ അച്ഛൻ രാജമാണിക്യവും, അമ്മ ജ്യോതിയും മരിച്ചതാണ്.

അമ്മയുടെ അമ്മ രഞ്ജിതം മാത്രമാണ് അടുത്ത ബന്ധുവായിട്ടുള്ളത്. പാലക്കാട്ടെ ചേരിപ്രദേശത്ത് വളർന്ന നർമദ അധ്വാനിച്ച് പഠിച്ച്, ദുബായിൽ ഫ്ലൈ എമിറേറ്റ്സ് വിമാനക്കമ്പനിയിൽ ഉദ്യോഗസ്ഥയായി. സ്വന്തം അധ്വാനത്തിൽ പെരുവെമ്പിൽ വാങ്ങിയസ്ഥലത്ത് വീടുവെച്ച് താമസിക്കുകയായിരുന്നു.

ഇതിനിടയ്ക്കാണ് ഇവരുടെ വിവാഹം. എന്നാൽ, ഭർത്താവുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി അമ്മൂമ്മ രഞ്ജിതം പറഞ്ഞു. പോലീസ് നടപടികൾ പൂർത്തിയാക്കിയശേഷം അമ്മൂമ്മയുടെ പാലക്കാട്ടെ വീട്ടിൽ മൃതദേഹം എത്തിച്ചു. ഇന്ന് രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതശ്മ‌ശാനത്തിൽ സംസ്കരിക്കും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)