ദേശീയ പാതയിൽ പാലക്കാടിനും, ചാലക്കുടിക്കും ഇടയിൽ പുതിയ 11 അടിപ്പാതകൾ പണിയും.

ആലത്തൂർ: സേലം-കൊച്ചി ദേശീയപാത 544-ൽ പാലക്കാടിനും, ചാലക്കുടിക്കും ഇടയിൽ 11 അടിപ്പാതകൾ നിർമിക്കാനൊരുങ്ങി ദേശീയപാത അതോറിറ്റി. ഇന്ന് കാസർകോട്ട് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌ഗരി അടിപ്പാതകളുടെ ഔപചാരിക നിർമാണോദ്ഘാടനം നിർവഹിക്കും. 525.79 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഏഴ് കമ്പനികളാണ് മത്സരാധിഷ്‌ഠിത ദർഘാസിൽ പങ്കെടുത്തത്.

പാലക്കാട്, ആലത്തൂർ, തൃശ്ശൂർ, ചാലക്കുടി ലോക്സ‌ഭാ മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് അടിപ്പാതകൾ വരിക. ദേശീയപാതയുടെ അടിയിലൂടെ ട്രക്കുകളും കണ്ടെയ്‌നറുകളും ഒഴികെയുള്ള വാഹനങ്ങൾക്ക് പാതമുറിച്ച് കടക്കാനും സർവീസ് റോഡിലേക്ക് പ്രവേശിക്കാനും കഴിയുന്ന അടിപ്പാതകളാണ് നിർമിക്കുന്നത്. ആവശ്യമായ സ്ഥലത്ത് പുതിയ സർവീസ് റോഡുകളും നിർമിക്കും. 18 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കും.

വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള ദേശീയപാത ആറുവരിയാക്കുന്നതിനുള്ള സർവേ പൂർത്തിയായെങ്കിലും നിർമാണാനുമതി ആയിട്ടില്ല. അതിനു കാത്തുനിൽക്കാതെയാണ് അടിപ്പാതകളുടെ നിർമാണം ആരംഭിക്കുന്നത്. പുതുശ്ശേരിമുതൽ പാലക്കാട് മെഡിക്കൽ കോളേജുവരെ ദേശീയപാതയുടെ ഭാഗമായി ബൈപ്പാസ് നിർമിക്കുന്നതിനുള്ള സർവേയും പൂർത്തിയായിട്ടുണ്ട്.

അടിപ്പാതകൾ ആദ്യം പൂർത്തിയാക്കിയാൽ പിന്നീട് ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിനുള്ള പണി നടത്തുമ്പോൾ ഗതാഗതപ്രശ്‌നം പരമാവധി കുറയ്ക്കാകുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിലയിരുത്തൽ.

ദേശീയപാത മുറിച്ചുകടക്കുമ്പോൾ കൂടുതൽ അപകടങ്ങൾ സംഭവിച്ച സ്ഥലങ്ങൾ കറുത്ത ഇടങ്ങളായി (ബ്ലാക്ക് സ്പോട്ട്) രേഖപ്പെടുത്തിയാണ് അടിപ്പാതകൾ നിർമിക്കാനുള്ള തീരുമാനം. ഈ ആവശ്യമുന്നയിച്ച് പ്രാദേശികമായി ജനകീയസമരങ്ങൾ ഉണ്ടായിരുന്നു. ലോക്സഭയിൽ എം.പി.മാരായ ബെന്നി ബെഹനാൻ, ടി.എൻ. പ്രതാപൻ, വി.കെ. ശ്രീകണ്ഠൻ, രമ്യാ ഹരിദാസ് എന്നിവർ പലപ്രാവശ്യം ഇക്കാരമുന്നയിച്ചിരുന്നു.

ദേശീയപാത സുരക്ഷാവിഭാഗം, സംസ്ഥാന പോലീസ് എന്നിവയും പാതമുറിച്ചുകടക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ അടിപ്പാത വേണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനം.