അഭിഭാഷകനുമായി തർക്കം; സി.ഐ.യും, എസ്.ഐ.യും കോടതിയിൽ ഹാജരാകാൻ നിർദ്ദേശം.

ആലത്തൂർ: പോലീസ് സ്റ്റേഷനിൽ അഭിഭാഷകനും, എസ്.ഐ.യും കൊമ്പുകോർത്ത സംഭവം കോടതിയിലേക്ക്. എസ്.ഐ. കോടതിയുത്തരവ് ലംഘിച്ചെന്ന് ആരോപിച്ച് അഭിഭാഷകൻ ഫയൽ ചെയ്‌ത സ്വകാര്യ അന്യായത്തിൽ 12-ന് ഹാജരാകാൻ ആലത്തൂർ മജിസ്ട്രേറ്റ് സി.ഐ.യോടും, എസ്.ഐ.യോടും ആവശ്യപ്പെട്ടു. ഇവരുടെ ഭാഗം വിശദീകരിക്കാൻ വേണ്ടിയാണിത്.

ജനുവരി നാല്, അഞ്ച് തീയതികളിലെ ഡ്യൂട്ടി ഡയറി ഹാജരാക്കാനും ഇന്നലെ ഹർജി പരിഗണിച്ച കോടതി പ്രത്യേകദൂതൻ മുഖേന നിർദേശം നൽകി. പോലീസ്- അഭിഭാഷക തർക്കത്തിലിടപെട്ട ഹൈക്കോടതി ഡി.ജി.പി.യോട് 18-ന് ഓൺലൈനായി ഹാജരാകാൻ ഉത്തരവിട്ടതിനു പിന്നാലെയാണിത്.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ആലത്തൂർ പോലീസ് സ്റ്റേഷനിൽ അഭിഭാഷകനായ അക്വിബ് സുഹൈലും എസ്.ഐ. വി.ആർ. റെനീഷും തമ്മിൽ വാക്‌തർക്കമുണ്ടായത്. തുടർന്ന് വെള്ളിയാഴ്ച ചിറ്റൂർ കോടതിപരിസരത്തും ഇരുവരും തമ്മിൽ പ്രശ്നമുണ്ടായി.

ഇതിന്റെ പേരിൽ ആലത്തൂർ, ചിറ്റൂർ സ്റ്റേഷനുകളിൽ അഭിഭാഷകനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിതിട്ടുണ്ട്.

ഡിസംബർ നാലിന് ദേശീയപാതയിൽ ഇരട്ടക്കുളത്ത് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയശേഷം തീർത്ഥാടകസംഘം സഞ്ചരിച്ചിരുന്ന ബസ് നിർത്താതെ പോയിരുന്നു. സ്കൂട്ടർ യാത്രക്കാരൻ തത്ക്ഷണം മരിച്ചു. ആന്ധ്ര രജിസ്ട്രേഷനിലുള്ള ബസ് പമ്പയിൽനിന്ന് പോലീസ് പിടികൂടി. അപകടസമയത്ത് ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് ലൈസൻസ് ഇല്ലാതിരുന്നതിനാൽ പകരം മറ്റൊരാളെയാണ് ബസ്സുടമ ഹാജരാക്കിയതെന്ന് പോലീസ് പറയുന്നു.