നേന്ത്രക്കായ വിലയിടിഞ്ഞതിനാൽ കർഷകർ ദുരിതത്തിൽ.

വടക്കഞ്ചേരി: വാങ്ങുന്നവർ ഈ ബോർഡ് കാണുമ്പോൾ വളരെ സന്തോഷിക്കും. എന്നാൽ ഇത് ഉണ്ടാക്കുന്ന കർഷകൻ്റെ നെഞ്ചു പിടയുന്ന കാഴ്ചയാണിത്. 100 രൂപയ്ക്ക് അഞ്ച് കിലോ നേന്ത്രക്കായ, ഇങ്ങനെ വിലയിടിഞ്ഞാൽ കായ ഉത്പാദകരായ കർഷകർക്ക് എത്രമാത്രം നഷ്ടം വരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളു.

10 കിലോയുള്ള ഒരു കുലക്ക് കിലോക്ക് 25 രൂപ നിരക്കിൽ 250 രൂപയെങ്കിലും കിട്ടിയാലെ കർഷകന് വലിയ നഷ്ടം കൂടാതെ കൃഷി നടത്തികൊണ്ടു പോകാനാകു. എന്നാൽ ഈ സ്ഥിതിയിൽ 10 കിലോയുള്ള ഒരു കുലക്ക് കർഷകന് കിട്ടുന്നത് 100 രൂപ മാത്രം.

കായവെട്ടി അത് വണ്ടിയിൽ കയറ്റി കടയിൽ എത്തിക്കുന്നതിനുള്ള ചെലവുതുക പോലും കർ ഷകന് ലഭിക്കുന്നില്ല. നേന്ത്രവാഴ നട്ട്, നനച്ച് കുല വെട്ടി കടയിൽ എത്തിക്കുമ്പോൾ ഉണ്ടാകുന്ന ചെലവ് നോക്കിയാൽ നഷ്ടമില്ലാതെ കൃഷി മുന്നോട്ടുപോകണമെങ്കിൽ കിലോക്ക് 35 രൂപയെ ങ്കിലും വില കിട്ടണമെന്ന് വിഎഫ്‌പിസികെ പാളയത്തുള്ള സ്വാശ്രയ കർഷക സംഘം പ്രസിഡന്റ്റ ബിജു പറയുന്നു.

എന്നാൽ ഗുണമേന്മയില്ലാത്ത വരവുകായയുടെ അധികവരവു മൂലം നല്ല നാടൻ നേന്ത്രക്കായക്ക് പോലും വിലയില്ലാതാകുന്ന സ്ഥിതിയാണുളളത്. മറ്റു വാഴകളേക്കാൾ പരിചരണ ചെലവും നേന്ത്രവാഴയ്ക്ക് വളരെ കൂടുതലാണ്.

എല്ലായിടത്തും തന്നെ വേനൽ മാസങ്ങളിലാണ് വാഴക്കന്ന് കൃഷി ചെയ്യുക. ഇതിനാൽ വാഴക്കന്നിലെ ജലാംശം തേടി പന്നികളെത്തി എല്ലാം കുത്തിമലർത്തും. പച്ചിലകൾക്കായി മയിൽക്കൂട്ടങ്ങളുമുണ്ടാകും. വാഴക്കന്ന് വളർന്ന് തുടങ്ങിയാൽ തണ്ടുതുരപ്പൻ പുഴു, ഇലകരിച്ചിൽ, കുമ്പിടച്ചിൽ, ജലസേചന പ്രശ്ന‌ം തുടങ്ങിയ കടമ്പകൾ കടന്ന് കുല വന്ന് ഏതാനും ആഴ്‌ച കഴിഞ്ഞാൽ കിളി ശല്യവും കുരങ്ങ്പടയും നശിപ്പിക്കാനെത്തും.

ഇതിനിടെ ശക്തമായ ഒരു കാറ്റടിച്ചാൽ വാഴക ളെല്ലാം ഒന്നിച്ച് വീണ് നശിക്കുകയും ചെയ്യും. മുൻ വർഷങ്ങളിലെല്ലാം ശബരിമല സീസണിൽ നേന്ത്രക്കായ ചിപ്‌സിനായി വലിയതോതിൽ കായക്ക് ഡിമാൻഡ് ഉണ്ടാകുകയും വില ഉയരുന്ന സ്ഥിതിയും ഉണ്ടാകാറുണ്ട്. ഈ വർഷം അതും ഉണ്ടായില്ല. വരവ് കായയാണ് പലയിടത്തും ചിപ്‌സിനായി ഉപയോഗിക്കുന്നത്.