അ​പ​ക​ട​ഭീ​ഷ​ണി​യാ​യി തണ​ൽ​മ​രം.

നെന്മാറ: കരിമ്പാറ പൊതുമരാമത്ത് റോഡരികിലെ തണൽമരം അപകട ഭീഷണിയായി. പറയമ്പള്ളത്ത് അരണ്യ ശാസ്‌താക്ഷേത്രത്തിനു സമീപമുള്ള തണൽ മരമാണ് അപകട ഭീഷണി ഉയർത്തുന്നത്.

മരത്തിനു ചുവട്ടിലായി ഒരു ട്രാൻസ്ഫോർമറും അതിൽ നിന്ന് നാലുവശത്തേക്കും മരത്തിന് അടിയിലൂടെ വൈദ്യുതി ലൈനും പോകുന്നുണ്ട്. മുമ്പ് പൊട്ടിവീണ കൊമ്പ് സമീപത്തെ വൈദ്യുതി തൂണുകളും, ലൈനും തകർത്തിരുന്നു. നിരവധി പ്രദേശവാസികൾ കാറ്റു കൊള്ളാൻ ഇരിക്കുന്നതും, ബസ് കാത്തു നിൽക്കുന്നതും, വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായ പ്രദേശമാണിത്.

മരത്തിനടിയിലായി ഹൈമാസ്റ്റ് ലൈറ്റും ഉണ്ട്. കാറ്റുവീശാൻ തുടങ്ങിയതോടെ അടുത്തിടെയായി വൈദ്യുതി ലൈനിനു മുകളിലും, വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്തും ഉണങ്ങിയതും അല്ലാത്തതുമായ മരക്കൊമ്പുകൾ പൊട്ടിവീണ് അപകടമുണ്ടായിരുന്നു.

മരക്കൊമ്പുകൾ വൈദ്യുതി ലൈനിൽ തട്ടി ഉണ്ടാകുന്ന വൈദ്യുതി തടസം പ്രദേശത്തെ കുടി വെള്ള വിതരണ സംവിധാനത്തിനും, വീടുകൾക്കും, വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തായി പരാതി ഉയരുന്നുണ്ട്. നെന്മാറ വൈദ്യുതി സെക്ഷൻ എൻജിനീയർക്ക് പ്രദേശവാസികൾ പരാതി നൽകി.