October 11, 2025

ശക്തമായ കാറ്റിൽ മരം വീടിന് മുകളിൽ വീണു.

പോത്തുണ്ടി: ശക്തമായ കാറ്റിൽ മരം വീണ് നാശനഷ്ടമുണ്ടായി. പോത്തുണ്ടി ചാട്ടിയോട്ടിൽ കൂറ്റൻ മരം വീടിനു മുകളിലും, വൈദ്യുതി ലൈനിലും വീണു വയ്ക്കോൽ കൂന കത്തിനശിച്ചു. ആളപായമില്ല. കഴിഞ്ഞ ദിവസം രാവിലെ 7.30ന് ചാട്ടിയോട് ഗംഗാധരന്റെ വീടിനു മുന്നിലെ പഴക്കംചെന്ന മാവ്, പാതയുടെ എതിർഭാഗത്തുള്ള വേലായുധന്റെ വീടിനു മുകളിൽ വീണു. വീടിന്റെ മതിലും പടിയും ഓട്ടുപുരയുടെ മുൻഭാഗവും തകർത്താണു വൈദ്യുതി ലൈനിൽ വീണത്.

തുടർന്ന് വേലായുധന്റെ വീട്ടിലെ വയ്ക്കോൽ കൂനയ്ക്കു തീപിടിച്ചു. തീ ആളിപ്പടർന്നെങ്കിലും നാട്ടുകാർ സമയോചിതമായി ഇടപെട്ടതോടെ തീ വ്യാപിക്കുന്നത് തടയാനായതായി പഞ്ചായത്ത് അംഗം രതിക രാമചന്ദ്രൻ പറഞ്ഞു. സമീപത്തു തന്നെ കനാൽ വെള്ളം ഉണ്ടായിരുന്നതും ആശ്വാസമായി.