നെല്ലിയാമ്പതി: കാപ്പി എസ്റ്റേറ്റുകളിൽ വിളവെടുപ്പ് സജീവമാകുന്നു. കാപ്പി കായകൾ പഴുത്ത് തുടങ്ങിയതോടെ പറിച്ചെടുത്ത് ഉണക്കിയെടുക്കുന്ന തിരക്കിലാണ് തൊഴിലാളികൾ. കാരപ്പാറ, മരിയ, പുല്ലാല, ബിയാട്രീസ്, അലക്സാഡ്ര, മോങ്ക് വുഡ്, തോട്ടയ്ക്കാട്, ഗ്രീൻലാൻഡ്, പോബ്‌സ്, കൊച്ചിൻ പ്ലാന്റേഷൻ, കെ.എഫ്.ഡി.സി തുടങ്ങിയ കാപ്പി എസ്റ്റേറ്റുകളിലാണ് വിളവെടുപ്പ് സജീവമായത്.
അനുകൂല കാലാവസ്ഥ ആയതിനാൽ കായകൾ ഒന്നിച്ച് പഴുത്തുതുടങ്ങിയതോടെ വേഴാമ്പൽ ഉൾപ്പെടെയുള്ള പഴംതീനി പക്ഷികളും, വവ്വാലുകളും, കരടി, മലയണ്ണാൻ തുടങ്ങിയ ജീവികളും തോട്ടങ്ങളിൽ സ്ഥിര സന്ദർശകരാണ്. അറബിക്ക, റോബെസ്റ്റ് തുടങ്ങിയ ഇനങ്ങളിലാണ് കൂടുതൽ കാപ്പിക്കൊരു വിളഞ്ഞിട്ടുള്ലത്.
കാപ്പിക്കുരു പറിച്ചെടുക്കുന്നതിനേക്കാൾ ഉണക്കിയെടുക്കുന്നതിനാണ് ഇപ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. എസ്റ്റേറ്റുകളിലുള്ള പരിമിതമായ സിമന്റ് മുറ്റങ്ങളിൽ ഉണക്കിയെടുക്കാൻ കഴിയാത്തതിനാൽ വെയിൽ ലഭ്യമായ തുറന്ന സ്ഥലങ്ങളിൽ പ്ലാസ്റ്റിക് ടാർപ്പായകൾ വിരിച്ചും ഉണക്കിയെടുക്കുകയാണ്. പറിച്ചു കൂട്ടിയ കാപ്പി കായകൾ എത്രയും പെട്ടെന്ന് ഉണക്കി എടുത്തില്ലെങ്കിൽ പൂപ്പൽ ബാധിച്ച് നിലവാരം കുറയും എന്നതിനാൽ ഏറെ ശ്രദ്ധയോടെയാണ് ഉണക്കിയെടുക്കുന്നത്.
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളാണ് കാപ്പിക്കുരു പറിക്കാൻ എത്തിയിട്ടുള്ളത്. ചില തോട്ടങ്ങളിൽ ദിവസ കൂലിക്ക് പകരം പറിക്കുന്ന കായകളുടെ തൂക്കം കണക്കാക്കിയാണ് കൂലി നൽകുന്നത്. ഇതുമൂലം തൊഴിലാളികൾ സമയ പരിമിതി നോക്കാതെ കൂടുതൽ കായ പറിച്ച് തുടങ്ങിയതായി എസ്റ്റേറ്റ് അധികൃതർ പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി കാപ്പിക്കുരു ഉത്പാദനം കൂടുതലാണെന്ന് തൊഴിലാളികൾ പറഞ്ഞു.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.