പുഴയിലൂടെ കുഴലിടാൻ നടപടി; 2500 കുടുംബങ്ങളിൽ കുടിവെള്ളമെത്തും.

ഒലിപ്പാറ: അയിലൂർ ഗ്രാമപ്പഞ്ചായത്തിലെ രണ്ടുവാർഡുകളിലെ ജനങ്ങളുടെ മൂന്നുവർഷമായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. പോത്തുണ്ടി സമഗ്ര കുടിവെള്ളപദ്ധതിയുടെ കുടിവെള്ളം ലഭിക്കുമെന്ന് ഉറപ്പായി. അടിപ്പെരണ്ട തെങ്ങുംപാടം പുഴയിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിനു അനുമതി ലഭിച്ചതോടെയാണ് കുടിവെള്ളപ്രശ്നത്തിനു പരിഹാരമാകുന്നത്.

പുഴയിലൂടെ ഇരുമ്പുപൈപ്പുകൾ സ്ഥാപിച്ച്, കോൺക്രീറ്റ് ചെയ്‌ത്‌ ബലപ്പെടുത്തുന്ന പ്രവൃത്തികൾ ആരംഭിച്ചു. പാലത്തിന്റെ കൈവരിയിലൂടെ 25 മീറ്റർ ദൂരത്തിൽ പ്രധാന കുഴൽ സ്ഥാപിക്കുന്നതിന്, അനുമതി ലഭിച്ചിരുന്നില്ല. പാലത്തിനു ബലക്ഷയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.

ഇതോടെ പാലത്തിന് സമീപത്തായി, പുഴയ്ക്ക് കുറുകെ ഇരുമ്പുതൂണുകൾ സ്ഥാപിച്ച് കുഴലുകൾ കൊണ്ടുപോകുന്നതിന് 14 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി. റിപ്പോർട്ട് സർക്കാരിന്റെ അനുമതിക്കായി നൽകിയെങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി. ഇതോടെയാണ് പുഴയ്ക്ക് അകത്തുകൂടെ കുഴൽ സ്ഥാപിച്ച് ജലവിതരണം നടത്താൻ ജല അതോറിറ്റി നടപടി സ്വീകരിച്ചത്.

നെന്മാറ-ഒലിപ്പാറ പാത നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കുഴലുകൾ ചിലയിടങ്ങളിൽ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ഇതുകൂടി പൂർത്തിയായാൽ ഒലിപ്പാറയിലേക്ക് കുടിവെള്ളവിതരണം ആരംഭിക്കാനാകുമെന്ന് ജല അതോറിറ്റി അസി. എൻജിനിയർ പറഞ്ഞു.

ഗ്രാമപ്പഞ്ചായത്തിലെ തെങ്ങുംപാടം, ഒലിപ്പാറ, കൊടിക്കരിമ്പ്, പുത്തൻചള്ള, തട്ടാൻചള്ള, നേർച്ചപ്പാറ, പള്ളത്തൊടി ഭാഗങ്ങളിലെ 2500-ലധികം കുടുംബങ്ങളിലേക്ക് ജലജീവൻ മിഷൻ പദ്ധതി പ്രകാരം കുടിവെള്ള കണക്ഷൻ നൽകിയിട്ടുണ്ട്.