കുരുമുളക് വിളവെടുപ്പ്; ഉത്പാദനം കുറവെന്ന് കർഷകർ.

നെന്മാറ: മലയോരമേഖലകളിലെ കൃഷിയിടങ്ങളിലെ കുരുമുളക് വിളവെടുപ്പ് ആരംഭിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളിലെ മഴക്കുറവ്‌ കുരുമുളക് ഉത്പാദനത്തെയും കാര്യമായി ബാധിച്ചതായി കർഷകർ പറഞ്ഞു. ഒരു താങ്ങു മരത്തില്‍ നിന്ന് നാലു മുതല്‍ ആറു വരെ കിലോ കുരുമുളക് ലഭിച്ചിരുന്ന സ്ഥാനത്ത് ഉത്പാദനം മൂന്നു കിലോയില്‍ താഴെയായി ചുരുങ്ങി.

അത്യുത്പാദനശേഷിയുള്ള ഇനങ്ങളായ കരിമുണ്ട, പന്നിയൂർ, ശ്രീകര തുടങ്ങിയ ഇനങ്ങളിലാണ് ഉയർന്നതോതില്‍ കുരുമുളക് ഉത്പാദനം ലഭിക്കുന്നത്. നാട്ടിൻപുറങ്ങളില്‍ ഇപ്പോഴും നാടൻ ഇനങ്ങള്‍ കൃഷി ചെയ്യാറുണ്ടെങ്കിലും സൂര്യപ്രകാശം കൂടുതല്‍ ലഭിക്കുന്ന ഒരു താങ്ങുവള്ളി മരത്തില്‍ നിന്നും രണ്ട് കിലോയില്‍ താഴെ മാത്രമേ നാടൻ ഇനങ്ങള്‍ക്ക് ഉത്പാദനക്ഷമതയുള്ളൂ. തിരിയുടെ നീളവും മുളകിന്‍റെ വലിപ്പക്കുറവുമാണ് തൂക്കം കുറയാൻ കാരണം.

ഇരുമ്പ്, അലൂമിനിയം, മുള എന്നിവ കൊണ്ടുള്ള നീളം കൂടിയ ഏണികള്‍ മരത്തില്‍ കെട്ടിവച്ചാണ് മുളക് പറിക്കുന്നത്. ചില വള്ളികളില്‍ എല്ലാ കായകളും ഒരുമിച്ച്‌ മൂപ്പ് എത്താത്തതിനാല്‍ രണ്ടും മൂന്നും പ്രാവശ്യമായി പറിക്കേണ്ടി വരുന്നതായി കർഷകനായ യൂസഫ് ഒറവഞ്ചിറ പറഞ്ഞു. പൂർണമായും മൂപ്പ് എത്താത്ത കുരുമുളക് ഉണക്കിയാല്‍ കറുപ്പ് നിറത്തിന് പകരം തവിട്ടു നിറമായി മാറുമെന്നും ഇതിന് വിപണിയില്‍ വിലകുറയുമെന്നും കർഷകനായ സാബു തടികുളങ്ങര പറഞ്ഞു.

പറിച്ചെടുത്ത കുരുമുളക് തിരിയില്‍നിന്ന് വേർപ്പെടുത്തി എടുക്കുന്നതിനും ഏറെ അധ്വാനം ആവശ്യമാണ്. പറിച്ചെടുക്കുന്ന കുരുമുളക് ഒരാഴ്ചയിലേറെ ഉണക്കിയെടുത്താല്‍ മാത്രമേ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയുകയുള്ളൂ.

പ്ലാസ്റ്റിക് ഷീറ്റുകളും ടാർ പായകളിലും അഴുക്കും പൊടിപടലവും ഇല്ലാതെ ഉണക്കി എടുത്തില്ലെങ്കില്‍ വിപണിയില്‍ വില കുറയും. കായകള്‍ പഴുത്തു തുടങ്ങിയതോടെ പകല്‍സമയത്ത് പലതരം പക്ഷികളും രാത്രി സമയം വവ്വാലുകളും വെരുകുകളും കായകള്‍ തിന്നാൻ എത്തിത്തുടങ്ങിയത് കർഷകർക്ക് വൻതോതില്‍ വിളനാശം ഉണ്ടാക്കുന്നു. മലയോര മേഖലകളിലെ കുരുമുളക് വള്ളികള്‍ക്ക് ആന, പന്നി, മാൻ തുടങ്ങിയ വന്യജീവികളും കൃഷിനാശം ഉണ്ടാക്കുന്നുണ്ട്.

ഇതും വിളവിനെയും കർഷകരുടെ വരുമാനത്തെയും കാര്യമായി ബാധിക്കുന്നതായി കർഷകനായ ടി. സി. ബാബു പരാതിപ്പെട്ടു. ഒലിപ്പാറ, കല്‍ച്ചാടി, ചള്ള, കരിമ്പാറ, മാങ്കുറിശി, മംഗലംഡാം, കരിങ്കയം തുടങ്ങിയ പ്രദേശങ്ങളില്‍ റബർ കൃഷിക്ക് അനുയോജ്യമല്ലാത്ത മേഖലകളിലാണ് കുരുമുളക് കൃഷി വ്യാപകമായുള്ളത്. മേഖലയിലെ കുരുമുളക് വിളവെടുപ്പ് ഫെബ്രുവരി അവസാനം വരെ നീണ്ടുനില്‍ക്കും.

550- 570 വിലനിലവാരത്തില്‍ ഇപ്പോള്‍ വിലയുണ്ടെങ്കിലും ഹൈറേഞ്ച്, വയനാട് മേഖലകളിലെ കുരുമുളക് വിപണിയില്‍ എത്തിയാല്‍ വില കുത്തനെ താഴുമെന്ന് കർഷകരും വ്യാപാരികളും പറയുന്നു. ഡിസംബർ വരെ കുരുമുളകിന് 600 രൂപക്ക് മുകളില്‍ വിലയുണ്ടായിരുന്നു. കഴിഞ്ഞവർഷം സീസണ്‍ സമയത്ത് 300 രൂപവരെ വില കുറഞ്ഞിരുന്നു.