തെരുവുനായ്ക്കൾ പെരുകുന്നത് കുറഞ്ഞെന്നു അധികൃതര്‍.

വടക്കഞ്ചേരി: വന്ധ്യംകരണം പദ്ധതിയിലൂടെ തെരുവു നായ്ക്കള്‍ പെരുകുന്നത് കുറഞ്ഞിട്ടുണ്ടെന്നു വിലയിരുത്തല്‍. വടക്കഞ്ചേരി, ആലത്തൂർ ഉള്‍പ്പെടെ ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്ന പ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ട്. ഇതുവഴി നായ്ക്കളുടെ പെരുപ്പം നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. ഓരോ കേന്ദ്രത്തിലും മാസം 120 എണ്ണമാണ് ലക്ഷ്യം.

ഘട്ടംഘട്ടമായി പദ്ധതി തുടർന്നാല്‍ ആശങ്കാജനകമായ തെരുവുനായശല്യത്തിനു പരിഹാരം കാണാനാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അറവു മാലിന്യങ്ങള്‍ ഉള്‍പ്പെടെ വഴിയോരങ്ങളില്‍ മാലിന്യം തള്ളുന്നതു കുറഞ്ഞതും തെരുവുനായ്ക്കള്‍ കുറയാൻ കാരണമായിട്ടുണ്ടെന്നു പറയുന്നു. നായപിടുത്തത്തിനും, ശസ്ത്രക്രിയാ നടപടികള്‍ക്കും കൂടുതല്‍ ഡോക്ടർമാരേയും നിയമിച്ചാല്‍ തെരുവുനായ് ഭീഷണി പൂർണമായും ഇല്ലാതാക്കാനാകും.

നായപിടുത്തക്കാരുടെ കുറവുമൂലം പഞ്ചായത്ത് പ്രദേശങ്ങളില്‍ ഒരു തവണ തന്നെ എത്തി നായ്ക്കളെ പിടികൂടാൻ ഏറെ കാലതാമസം വരുന്ന സ്ഥിതിയാണിപ്പോള്‍. വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി അയിലൂർ, നെന്മാറ എന്നീ പഞ്ചായത്തുകളിലും ഇതേ അവസ്ഥയാണ്. പിടികൂടി കേന്ദ്രങ്ങളിലെത്തിക്കുന്ന നായ്ക്കളെ അപ്പപ്പോള്‍ വന്ധ്യംകരണം നടത്തി പാർപ്പിക്കാനുള്ള സൗകര്യവും കൂടുതലായി ഉണ്ടാകണം. ഇതിനു വേണ്ട അനുബന്ധ സൗകര്യങ്ങളും കേന്ദ്രങ്ങളില്‍ ഒരുക്കണം. ഒരു കേന്ദ്രത്തില്‍ ഇപ്പോള്‍ മൂന്നോ, നാലോ പേർ മാത്രമാണ് നായ്ക്കളെ പിടികൂടി കേന്ദ്രത്തിലെത്തിക്കാനുള്ളത്.

ശസ്ത്രക്രിയയ്ക്കു ശേഷം ഇവയെ മൂന്നുനാലു ദിവസം കേന്ദ്രത്തില്‍ ഭക്ഷണം നല്കി പാർപ്പിച്ച്‌ മുറിവ് ഭേദപ്പെടുത്തി വേണം പിന്നീട് പിടിച്ച സ്ഥലത്ത് തന്നെ തിരിച്ചു കൊണ്ടുവിടാൻ.
പെണ്‍ നായ്ക്കളുടെ ശസ്ത്രക്രിയക്ക് കൂടുതല്‍ സമയമെടുക്കും.

അതിനാല്‍ കേന്ദ്രങ്ങളിലുള്ള ഒരു ഡോക്ടറുടെ സേവനം ഉപയോഗിച്ചു കൂടുതലായി വന്ധ്യംകരണവും നടക്കില്ല. കൂടുതല്‍ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച്‌ ഓരോ മേഖലകള്‍ കേന്ദ്രീകരിച്ച്‌ നായ്ക്കളെ പിടികൂടി പെരുപ്പം തടയണമെന്നാണ് ആവശ്യമുയരുന്നത്.