നെന്മാറ മണ്ഡലത്തിലെ പദ്ധതികൾ വെറും പ്രഖ്യാപനം മാത്രമാകുന്നതായി ആക്ഷേപം.

നെന്മാറ: കഴിഞ്ഞ ബജറ്റിൽ നെന്മാറ മണ്ഡലത്തിലേക്ക് അനുവദിച്ച മിക്ക പദ്ധതികളും പ്രഖ്യാപനത്തിലൊതുങ്ങുന്നതായി ആക്ഷേപം. സാങ്കേതികാനുമതി ലഭിക്കുന്നതിലും, മറ്റു വകുപ്പുകളുടെ അനുമതി ലഭിക്കുന്നതിലും തടസ്സം വന്നതോടെ പദ്ധതികൾ തുടങ്ങാനായിട്ടില്ല.

നെല്ലിയാമ്പതി, പോത്തുണ്ടി, ചുള്ളിയാർ മേഖലകൾ കേന്ദ്രീകരിച്ചു നടപ്പാക്കുന്ന ടൂറിസം പദ്ധതികളുടെ നിർമാണോദ്ഘാടനം കഴിഞ്ഞെങ്കിലും വനംവകുപ്പിന്റെ അനുമതിയിൽ കുടുങ്ങി.

നെല്ലിയാമ്പതിയിൽ വിശ്രമകേന്ദ്ര നിർമാണവും, നെന്മാറ സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിട നിർമാണവും സർക്കാർ അംഗീകാരത്തിനായി കാത്തിരിക്കയാണ്. പല്ലാവൂർ, കൊടുവായൂർ, മുതലമട സ്കൂ‌ളുകളിലെ കെട്ടിടനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നു.

പോത്തുണ്ടി, ചുള്ളിയാർ, മീങ്കര, ജലസേചന കനാലുകളുടെ നവീകരണത്തിനായി തുക അനുവദിച്ചെങ്കിലും നവീകരണം നടന്നിട്ടില്ല. ചെമ്മന്തോട് പാലം, തിരുവഴിയാട് പാലം, പുലയമ്പാറ പാലം, തൂറ്റിപ്പാടം പാലം, ചെമ്മണാംപതി പാലം എന്നിവ നവീകരിക്കാൻ തുക വകയിരുത്തിയെങ്കിലും പ്രവൃത്തി തുടങ്ങിയില്ല.