വാവുമല ടൂറിസം വികസനത്തിനു ഒന്നരക്കോടി.

വടക്കഞ്ചേരി: വടക്കഞ്ചേരി അഗ്രി-ടൂറിസം പ്രമോഷൻ കൗണ്‍സിലിനു പ്രവർത്തന ഊർജമായി സംസ്ഥാന ബജറ്റില്‍ കണ്ണമ്പ്ര, വടക്കഞ്ചേരി പഞ്ചായത്തുകളിലായുള്ള വാവുമല ടൂറിസം പദ്ധതിക്ക് സംസ്ഥാന ബജറ്റില്‍ ഒന്നര കോടി രൂപ അനുവദിച്ചു. മേഖലയിലെ റൂറല്‍ ടൂറിസം വികസനം ലക്ഷ്യം വച്ചാണ് പൊതു കൂട്ടായ്മയായ കൗണ്‍സിലിനു രൂപം നല്‍കിയിട്ടുള്ളത്.

ഇതിന്‍റെ ഭാഗമായി കഴിഞ്ഞ മാസം വടക്കഞ്ചേരിയില്‍ ഒരാഴ്ച നീണ്ട അഗ്രി- ടൂറിസം ഫെസ്റ്റും സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ സംഘാടകരില്‍ മുഖ്യ രക്ഷാധികാരിയായിരുന്നു പി.പി. സുമോദ് എംഎല്‍എയും.


വടക്കഞ്ചേരി ഉള്‍പ്പെടെ മേഖലയിലെ ആറോളം പഞ്ചായത്തുകളില്‍ കൃഷി വികസനത്തോടൊപ്പം വാവുമല ഉള്‍പ്പെടെ മംഗലംഡാം, പാലക്കുഴി, കടപ്പാറ ആലിങ്കല്‍ വെള്ളച്ചാട്ടം തുടങ്ങിയവയുടെ ടൂറിസം വികസന സാധ്യതകളും പ്രയോജനപ്പെടുത്തണമെന്നായിരുന്നു പ്രമോഷൻ കൗണ്‍സില്‍ മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ പ്രധാനമായത്.

കൃഷിക്കൊപ്പം ടൂറിസം വികസനവും മേഖലയില്‍ സാധ്യമാക്കുന്നതിനു കൗണ്‍സില്‍ നടത്തിയ പഠന റിപ്പോർട്ട് ടൂറിസം മന്ത്രിക്കും കൈമാറിയിരുന്നു. തുടർന്നാണ് ഇപ്പോള്‍ വാവുമല ടൂറിസം പദ്ധതിക്കായി ഒന്നരക്കോടി രൂപ അനുവദിച്ചിട്ടുള്ളത്.

ചെറിയ തുകയാണെങ്കിലും പ്രമോഷൻ കൗണ്‍സില്‍ കണ്ടെത്തിയ ടൂറിസം വികസന സാധ്യത സർക്കാരും അംഗീകരിച്ചു എന്നതു പ്രമോഷൻ കൗണ്‍സിലിന്‍റെ ഭാവി പ്രവർത്തനങ്ങള്‍ക്കു കരുത്താകുമെന്ന് ചീഫ് കോ -ഓർഡിനേറ്റർ സി.കെ. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ദേശീയപാത പന്നിയങ്കരയില്‍ നിന്നും ഒന്നര കിലോമീറ്ററോളം മാറിയാണ് വാവുമല. ഇവിടെ ഒരു ക്ഷേത്രമുണ്ട്. ഈ ചെറുകുന്നില്‍ നിന്നുള്ള പ്രകൃതി മനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ ഇവിടേക്കു ആകർഷിക്കുന്നത്.