വടക്കഞ്ചേരി: കണക്കന്‍തുരുത്തി-വടക്കഞ്ചേരി റോഡിലെ മംഗലം ഇടതുകര കനാലിന്റെ ശ്രീരാമ ജംക്‌ഷനിലെ കമ്മാന്തറ പാലം തകര്‍ന്നു. പാലം അപകടാവസ്ഥയിലായിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല. പാലത്തിന്റെ കൈവരികൾ എല്ലാം തകർന്നുകിടക്കുകയാണ്. അടിവശത്തെ കോൺക്രീറ്റ് പാളികൾ അടർന്നുവീണിട്ടുണ്ട‌്. കമ്പികളും ദ്രവിച്ചു.
പാലത്തിന്റെ ഇരുവശത്തുമുള്ള സംരക്ഷണ ഭിത്തിയും ഇടിയാറായ നിലയിലാണ്. ഇവിടെ മംഗലംഡാം ശുദ്ധജല പദ്ധതിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കുഴികൂടി എടുത്തതോടെ പാലത്തിലൂടെയുള്ള യാത്ര അപകടക്കെണിയായി. ചാല്‍ എടുത്ത ഭാഗം മൂടിയെങ്കിലും ഒരു ഭാഗം താഴ്ന്നാണിരിക്കുന്നത്. മെറ്റല്‍ ഇളകി വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത രീതിയില്‍ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.
അര നൂറ്റാണ്ട് മുന്‍പ് നിര്‍മിച്ച പാലത്തിന്റെ വീതിക്കുറവും പ്രശ്നമാകുന്നുണ്ട്. സുരക്ഷിതമല്ലാത്ത പാലത്തിലൂടെ സ്കൂള്‍ വാഹനങ്ങള്‍ അടക്കം പോകുന്നത് പേടിച്ചാണ്. ദിവസേന ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പ്രദേശത്തുകാര്‍ പലവട്ടം പരാതി പറഞ്ഞിട്ടും കൈവരി പിടിപ്പിക്കാൻ പോലും പഞ്ചായത്തോ ജലസേചന വകുപ്പോ പൊതുമരാമത്ത് വകുപ്പോ നടപടി സ്വീകരിച്ചിട്ടില്ല.
ഇവിടെയുള്ള റോഡും തകർന്നു കിടക്കുകയാണ്. കിഴക്കഞ്ചേരി മേഖലയിൽ നിന്നും ഭാരവാഹനങ്ങള്‍ എളുപ്പം വടക്കഞ്ചേരി ദേശീയപാതയില്‍ എത്താൻ ഇതുവഴിയാണ് പോകുന്നത്. റോഡിന്റെ നിരപ്പ് വ്യത്യാസം കാരണം ഇരുചക്രവാഹനങ്ങള്‍ ഇവിടെ മറിയുന്നതും പതിവാണ്. നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയില്ല.
പാലം പുനര്‍നിര്‍മിക്കാന്‍ 1.50 കോടി രൂപ വേണമെന്ന് പരിശോധനയില്‍ പറയുന്നു. ഈ ബജറ്റില്‍ പാലത്തിന് ഫണ്ട് നീക്കിവയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഒന്നും നടന്നില്ല. പാലവും റോഡും നന്നാക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.