വടക്കഞ്ചേരി: ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി നടന്ന സമ്പൂർണ ശുചീകരണ വാരത്തില്‍ പങ്കെടുത്ത് വിദ്യാർഥികളും അധ്യാപകരും. മംഗലംപുഴയില്‍ മൂച്ചിതൊടി പച്ചതുരുത്ത് ഭാഗത്താണ് വിദ്യാർഥികളും, അധ്യാപകരും പുഴയിലിറങ്ങി ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തിയത്. ഗാന്ധി സ്മാരക സ്കൂള്‍, ചെറുപുഷ്പം ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂള്‍, കോളജ് ഓഫ് അപ്ലൈയ്ഡ് സയൻസ് തുടങ്ങിയവയില്‍ നിന്നുള്ള വിദ്യാർഥികളായിരുന്നു കൂടുതലും.
ബയോ ഡൈവേഴ്സിറ്റി ക്ലബിന്‍റെ നേതൃത്വത്തിലാണ് ചെറുപുഷ്പം സ്കൂളിലെ വിദ്യാർഥിനികള്‍ പുഴ സൗന്ദര്യവല്‍ക്കരിക്കാനെത്തിയത്. അധ്യാപകരായ സിസ്റ്റർ ഡീന, ഷിനി എന്നിവരുമുണ്ടായിരുന്നു. പുഴയില്‍ അടിഞ്ഞുകൂടിയിരുന്ന പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍ തുടങ്ങിയവ വിദ്യാർഥികള്‍ നീക്കം ചെയ്തു.
ജലക്ഷാമം രൂക്ഷമാകുന്ന ജില്ലകളിലൊന്നാണ് പാലക്കാട്. വേനല്‍ തുടങ്ങും മുമ്പ് ജലദൗർലഭ്യത്തിന്‍റെ രോദനങ്ങളും ഉയരാൻ തുടങ്ങി. ഇതുകൊണ്ടുതന്നെ പുഴകളുള്‍പ്പെടെയുള്ള ജലസ്രോതസുകള്‍ സംരക്ഷിക്കേണ്ടതുണ്ട്. ഭാരതപ്പുഴയെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ പുനരുജ്ജീവിപ്പിച്ച് ജലസമൃദ്ധമാക്കുകയും ജലദൗർലഭ്യം പരിഹരിക്കുകയും ചെയ്യുക എന്നതു കൂടി ലക്ഷ്യം വച്ചാണ് പുഴ ശുദ്ധീകരണ യജ്ഞങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
അതാത് പ്രദേശത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പ്രവർത്തനങ്ങള്‍ നടന്നുവരുന്നത്. ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിനും, ജലാശയങ്ങളെയും, പുഴയോരങ്ങളെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനും സഹായകരമായ ഒരു ജനകീയ പുഴയോര ശുചീകരണ പരിപാടിയാണ് വിവിധ വകുപ്പുകളെക്കൂടി ഉള്‍പ്പെടുത്തി നടത്തുന്നത്.
Similar News
അപകടഭീഷണിയായി കൂറ്റൻ ആല്‍മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം