ദുരന്തഭീഷണിയുണ്ടെങ്കിലും പാലത്തിന്‍റെ പുനര്‍നിര്‍മാണത്തിനു ഫണ്ടില്ല.

വടക്കഞ്ചേരി: നിരവധി ഭാരവാഹനങ്ങള്‍ കടന്നുപോകുന്ന ടൗണിനടുത്തെ ശ്രീരാമ ജംഗ്ഷനിലെ കനാല്‍പ്പാലം പുനർനിർമിക്കാൻ ഫണ്ടില്ല. എന്നാല്‍ പാലത്തിനു മുകളിലൂടെയുള്ള റോഡ് കോണ്‍ക്രീറ്റിംഗ് നടത്തി മിനുമിനുപ്പാക്കുകയും ചെയ്തു. അപകട ഭീഷണിയുള്ള പാലം പഴയ സ്ഥിതിയില്‍ തന്നെയാണ്.

റോഡ് കോണ്‍ക്രീറ്റ് ചെയ്തതിന്‍റെ ഭാരം കൂടി ഇപ്പോള്‍ ബലക്ഷയമുള്ള പാലം താങ്ങേണ്ട ഗതിക്കേടിലാണ്. റോഡ് വീതികൂട്ടി 30 മീറ്റർ ദൂരത്തിലാണ് കോണ്‍ക്രീറ്റിംഗ് നടത്തിയിട്ടുള്ളത്. പാലം പുതുക്കിപ്പണിയാൻ ഒരു കോടി രൂപയെങ്കിലും ചെലവുവരുമെന്നാണ് ഇറിഗേഷൻ വകുപ്പ് എംഎല്‍എയ്ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

എംഎല്‍എ, എംപി ഫണ്ടുകള്‍ ഉണ്ടെങ്കിലേ പാലം പണിയാനാകൂ. കഴിഞ്ഞ മഴക്കാലത്ത് പാലത്തിനോടു ചേർന്നു നിന്നിരുന്ന വലിയ മരം കടപുഴകി കനാലിലേക്കു വീണിരുന്നു. ഇതു പാലത്തിന് കൂടുതല്‍ ബലക്ഷയമുണ്ടാക്കി.

പാലത്തിന്‍റെ സംരക്ഷണ ഭിത്തികളെല്ലാം തകർന്ന നിലയിലാണിപ്പോള്‍. മഴക്കാലത്ത് പി.പി. സുമോദ് എംഎല്‍എ, പഞ്ചായത്ത് മുൻ മെംബർ പ്രസാദ് എന്നിവർ സ്ഥലം സന്ദർശിച്ച്‌ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കിയാണ് അപകടങ്ങള്‍ ഒഴിവാക്കിയത്.

1955ല്‍ മംഗലംഡാം നിർമിക്കുമ്ബോഴാണ് നന്നേ വീതി കുറഞ്ഞ ഈ കനാല്‍പ്പാലവും നിർമിച്ചത്. 15 അടിയോളം താഴ്ചയിലാണ് മംഗലംഡാമില്‍ നിന്നുള്ള ഇടതു മെയിൻ ഈ കനാല്‍ പാലത്തിനടിയിലൂടെ പോകുന്നത്.

പാലത്തിനു ഇരുഭാഗത്തും വീതികൂടിയ റോഡുകളാണ്. ഇതുമൂലം വീതികുറഞ്ഞ പാലത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുമ്ബോള്‍ അപകടങ്ങളും തുടർക്കഥയാകുന്നുണ്ട്. രാത്രികാലങ്ങളിലാണ് ഇവിടെ അപകടങ്ങള്‍ കൂടുതലും ഉണ്ടാകുന്നത്.

മംഗലംഡാം കുടിവെള്ള പദ്ധതിക്കായി ഇതിലൂടെ പൈപ്പിടാൻ വലിയ കാനകുഴിച്ചതും പാലത്തിനു ഭീഷണിയായി. കണക്കൻതുരുത്തി റോഡില്‍ നിന്നുള്ള വെള്ളം താഴ്ന്നു കിടക്കുന്ന പാലത്തിലെത്തി കനാലിലേക്ക് ഒഴുകുന്നതും സംരക്ഷണഭിത്തി തകരാർ കാരണമായതായി പറയുന്നുണ്ട്.

കണ്ണംകുളം, വാല്‍കുളമ്ബ്, പാലക്കുഴി തുടങ്ങിയ മലയോര മേഖലകളിലേക്ക് വലിയ വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള ഏക പാലമാണിത്. കമ്മാന്തറ സ്കൂള്‍ വഴി മലയോര മേഖലയിലേക്ക് വീതി കുറഞ്ഞ റോഡുണ്ടെങ്കിലും വലിയ വാഹനങ്ങള്‍ ഇവിടുത്തെ വളവുകളില്‍ തിരിഞ്ഞു പോകില്ല.


വടക്കഞ്ചേരി ടൗണ്‍ റോഡിലെ വാഹന കുരുക്കില്‍ കുടുങ്ങാതെ വാല്‍കുളമ്ബ്, പാലക്കുഴി ഭാഗത്തുള്ളവർക്ക് തൃശൂർ ഭാഗത്തേക്ക്പോകാനും എളുപ്പമാർഗമാണിത്.
ഫണ്ട് കണ്ടെത്തി പാലത്തിന്‍റെ പുനർ നിർമാണവും എത്രയും വേഗം നടത്തണമെന്നതാണ് ജനങ്ങളുടെ ആവശ്യം.