ചേരാമംഗലം: മേലാർകോട് ഗ്രാമപ്പഞ്ചായത്തിൽ പട്ടികവർഗ കുടുംബങ്ങൾക്കായി പതിച്ചുകൊടുത്ത ചേരാമംഗലം ഇടമലക്കുന്നിൽ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനായി പ്രവൃത്തി തുടങ്ങി. കുടിവെള്ളമെത്തിക്കുന്നതിനും, ഗതാഗത സൗകര്യമൊരുക്കുന്നതിനുമായാണ് നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ച് പ്രവൃത്തി തുടങ്ങിയത്.
2020-ൽ വണ്ടാഴി, വടകരപ്പതി, പെരുമാട്ടി, പട്ടഞ്ചേരി വില്ലേജുകളിൽ ഉൾപ്പെട്ട 39 പട്ടിക വർഗ കുടുംബങ്ങൾക്കായി ഒരേക്കർവീതം പതിച്ചുനൽകിയിരുന്നു. ഇതിൽ 14-പേർക്ക് വീടുനിർമിക്കുന്നതിന് ആറുലക്ഷംരൂപവീതം പട്ടികവർഗ വകുപ്പിൽനിന്ന് അനുവദിക്കയും ചെയ്തു.
പക്ഷേ, പതിച്ചുനൽകിയ ഭൂമിയിലേക്ക് വഴിയോ വെള്ളമോ വെളിച്ചമോ എത്തിക്കുന്നതിന് യാതൊരു പദ്ധതിയും നടപ്പാക്കാത്തതിനാൽ മിക്കവരും വീടുനിർമാണം ഉപേക്ഷിച്ചിരുന്നു.
ഇതിനിടെ മേലാർകോട് ഗ്രാമപ്പഞ്ചായത്തിന് 2020-21 സാമ്പത്തികവർഷം തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നടപ്പാത നിർമിക്കുന്നതിനും കയർഭൂവസ്ത്രം വിരിക്കുന്നതിനും ഒരു കോടിരൂപയുടെ അംഗീകാരം ലഭിച്ചിരുന്നു. എന്നാൽ, 2.27 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്.
തൊഴിൽദിനങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ജയ രാമകൃഷ്ണനും ആർ. ഷൈജുവും നൽകിയ പരാതിയിൽ നിർവഹണ, മേൽനോട്ട, കരാർ ജീവനക്കാർ വീഴ്ചവരുത്തിയതായി തൊഴിലുറപ്പ് ഓംബുഡ്സ്മാൻ കണ്ടെത്തിയിരുന്നു.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.