കാട്ടുപന്നിക്കൂട്ടം ദേശീയപാതയിലൂടെ ചീറിപ്പായുന്നു.

വടക്കഞ്ചേരി: കാട്ടുപന്നിക്കൂട്ടം ദേശീയപാത മുറിച്ചുകടക്കുന്ന ചുവട്ടുപാടത്ത് ആറുവരിപ്പാതയുടെ ഇരുഭാഗത്തും നെറ്റ് വേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ ദിവസമാണ് ഇവിടെ ദേശീയപാതയ്ക്കു കുറുകെ പാഞ്ഞെത്തിയ പന്നി ഓട്ടോയില്‍ ഇടിച്ച്‌ ഓട്ടോ മറിഞ്ഞ് അപകടമുണ്ടായത്. സംഭവത്തില്‍ നാലുപേർക്ക് പരിക്കേറ്റിരുന്നു.

ഇവർ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണ്. പാതകളുടെ തൃശൂർ ഭാഗത്തേക്കുള്ള ഭാഗത്ത് രാത്രികാലങ്ങളില്‍ പന്നികള്‍ കൂട്ടമായി എത്താറുണ്ടെന്നു ഇവിടുത്തെ ചിപ്സ് കടക്കാർ പറയുന്നു.

ശബ്ദമുണ്ടാക്കിയാണ് ഇവയെ പിറകോട്ട് ഓടിക്കാറുള്ളത്. പന്നിക്കൂട്ടം ഏതുസമയവും പാത മുറിച്ചുകടക്കാനുള്ള സാധ്യതയുണ്ട്. ഇരുചക്രവാഹന യാത്രികരും ഓട്ടോറിക്ഷയുമാണ് ഇതുമൂലം കൂടുതലും അപകടത്തില്‍പ്പെടുക.

മുന്നിലൂടെ പെട്ടെന്ന് പന്നി ഓടിയാല്‍ കാറുകളും നിയന്ത്രണം വിട്ടു മറിയും.
ഇരു ഭാഗത്തും പൊന്തക്കാടുകളുള്ള പ്രദേശമായതിനാല്‍ പന്നികളുടെ താവളമാണ് പ്രദേശം. നൂറു മീറ്ററെങ്കിലും ദൂരത്തില്‍ പ്രദേശത്ത് നെറ്റ് വേലി സ്ഥാപിക്കണമെന്നാണ് ആവശ്യം.