കടപ്പാറയിൽ കാട്ടാനയുടെ മുന്നിൽ അകപ്പെട്ട സ്ത്രീ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണു പരുക്കേറ്റു.

മംഗലംഡാം: കാട്ടാനയുടെ മുന്നിൽ അകപ്പെട്ട സ്ത്രീ ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണു പരുക്കേറ്റു. കടപ്പാറ പോത്തൻതോട് ഫ്രാൻസിസിന്റെ തോട്ടത്തിലെ തൊഴിലാളി പ്രേമ ശിവദാസനാണ് (46) പരുക്കേറ്റത്. പൈപ്പിൽ വെള്ളം വരാത്തതിനെ തുടർന്നു പ്രേമയും ഭർത്താവ് ശിവദാസൻ, സമീപവാസികളായ എം.ആർ.സന്തോഷ്, കണ്ണൻ എന്നിവരും തോട്ടത്തിന്റെ മുകൾഭാഗത്തുള്ള പൈപ്പിട്ടിരിക്കുന്ന കുഴിയിൽ നോക്കാൻ പോയതായിരുന്നു.

ഈ സമയത്ത് വെള്ളക്കുഴിയുടെ ഭാഗത്തു നിന്ന കാട്ടാനയെക്കണ്ട് എല്ലാവരും ഓടി. ഓടുന്നതിനിടെ വീണാണു പ്രേമയ്ക്കു പരുക്കേറ്റത്. ബുധനാഴ്ച പകൽ പതിനൊന്നോടെയാണു സംഭവം. മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു വനപാലകർ സ്ഥലത്തെത്തി പ്രേമയെ ആശുപത്രിയിൽ എത്തിച്ചു.
മുകൾ ഭാഗത്തുള്ള സൗരവേലി തകർത്താണു കാട്ടാന എത്തിയത്. പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾ ഈ കുഴിയിൽ നിന്നാണു പൈപ്പിട്ട് വെള്ളം എടുക്കുന്നത്. സമ്പൂർണ വൈദ്യുതി പ്രഖ്യാപനത്തിലൊതുങ്ങിയതല്ലാതെ ഈ ഭാഗത്തുള്ള കുടുംബങ്ങൾക്കു വൈദ്യുതി ലഭിച്ചിട്ടില്ല. പ്രദേശത്തു കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നതും പതിവാണെന്നു നാട്ടുകാർ പറഞ്ഞു.