പ​ണി​തി​ട്ടും തീ​രാ​തെ പോ​ത്തു​ണ്ടി ഡാം ​കു​ടി​വെ​ള്ള പ​ദ്ധ​തി.

നെന്മാറ: പോത്തുണ്ടി ഡാമിൽ നിന്ന് 6 പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന തിന് നടപ്പാക്കുന്ന സമഗ്ര പദ്ധതിയുടെ അവസാനഘട്ട പ്രവൃത്തി തീർത്തിട്ടും തീരുന്നില്ല. 2024 മാർച്ചിൽ കമീഷൻ ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു ജല അതോറിറ്റി പദ്ധതി നിർവഹണ വിഭാഗം.

നെന്മാറ, അയിലൂർ, മേലാർക്കോട് പഞ്ചായത്തുകളിലേക്ക് നിലവിൽ നടപ്പാക്കിയ പദ്ധതിക്ക് പുറമെ എലവഞ്ചേരി, പല്ലശ്ശന, എരിമയൂർ, ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്ക് കൂടി ജലം എത്തിക്കുന്ന കിഫ്ബിയുടെ 180 കോടിയുടെ പദ്ധതിയാണ് പോത്തുണ്ടി ഡാം കുടിവെള്ള പദ്ധതി. പൊതുമരാമത്ത് വകുപ്പിനും മറ്റും നൽകേണ്ട തുക ഉൾപ്പെടുത്തി 274 കോടിയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. ഹൈദറാബാദ് ആസ്ഥാനമായ കമ്പനിയാണ് നിർമാണ കരാർ എടുത്തിട്ടുള്ളത്.

രണ്ടു പഞ്ചായത്തുകളിലുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങളാണ് ഒരു ഘട്ടത്തിൽ വൈകാൻ കാരണമായത്. പിന്നീടത് ഒഴിവാക്കിയെടുത്തു. പൈപ്പ് സ്ഥാപിക്കുന്ന പണികൾ അവസാനഘ ട്ടത്തിലാണ്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പൊളിക്കുന്ന കാര്യത്തിലായിരുന്നു എലവഞ്ചേരി, പല്ലശ്ശന പഞ്ചായത്തുകളിൽ തടസ്സം. റോഡരികിൽ ചാലെടുക്കണമെങ്കിൽ പാതകളുടെ നിർമാണശേഷം ഒരു വർഷം കഴിയണമെന്നതാണ് പൊതുമരാമത്ത് വകുപ്പ് വ്യവസ്ഥ. ഇതാണ് വിനയായത്.