കളഞ്ഞുകിട്ടിയ പണമടങ്ങുന്ന പഴ്സ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച്‌ മാതൃകയായ മംഗലംഡാം ലൂർദ് മാതാ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആസിഫിന് അഭിനന്ദന പ്രവാഹം.

മംഗലംഡാം: വഴിയില്‍നിന്നും കിട്ടിയ പണമടങ്ങുന്ന പഴ്സ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച്‌ കുട്ടികള്‍ക്കു മാതൃകയായ ആസിഫിനെ അഭിനന്ദിക്കുകയാണ് കൂട്ടുകാരും, നാട്ടുകാരും, സ്കൂള്‍ അധികാരികളുമെല്ലാം. രാവിലെ മദ്രസ കഴിഞ്ഞ് വീട്ടിലേക്കു പോകുന്ന വഴിക്കാണ് റോഡില്‍ പഴ്സ് കിടക്കുന്നത് ആസിഫിന്‍റെ ശ്രദ്ധയില്‍പെട്ടത്. തുറന്നുനോക്കിയപ്പോള്‍ നിറയെ പണവും വിലപ്പെട്ട കുറെ രേഖകളും. പിന്നെ ആസിഫ് മറ്റൊന്നും ചിന്തിച്ചില്ല. ഓടിപ്പോയി അടുത്തുതന്നെയുള്ള പോലീസ് സ്റ്റേഷനില്‍ പഴ്സ് ഏല്പിച്ചു.

വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞു. പിന്നെ വൈകിയില്ല. പോലീസ് സ്റ്റേഷനില്‍നിന്നും വിവരമറിയിച്ചതിനെതുടർന്ന് ഉടമയെത്തി. ആസിഫിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസുകാരുടെ സാന്നിധ്യത്തില്‍ പഴ്‌സ് ആസിഫ് തന്നെ ഉടമയ്ക്ക് കൈമാറി. ഉടമയുടെ വക സ്റ്റേഷനില്‍ മധുരവിതരണവും നടത്തി. ആസിഫിന്‍റെ സത്യസന്ധത നാട്ടിലും വാർത്തയായി. ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ആസിഫ്.

സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസി ടോമിന്‍റെ നേതൃത്വത്തില്‍ സ്കൂള്‍ അധികാരികളും ആസിഫിനെ അഭിനന്ദിച്ചു.