വടക്കഞ്ചേരി മേൽപ്പാലം ഒന്ന് തുറന്നു, അടുത്തത് അടച്ചു.

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിൽ വടക്കഞ്ചേരി മേൽപ്പാലത്തിൽ പാലക്കാട് ദിശയിലേക്കുള്ള ഭാഗം അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു. അതേസമയം, ജോയിന്റുകളിലെ തകരാറിനെത്തുടർന്ന് കുത്തിപ്പൊളിച്ച് നന്നാക്കുന്നതിനായി തൃശ്ശൂർ ദിശയിലേക്കുള്ള ഭാഗം അടച്ചതോടെ യാത്രാദുരിതം മാറ്റമില്ലാതെ തുടരുകയാണ്.

പാലക്കാട് ദിശയിലേക്കുള്ള പാലത്തിൽ ബാരിക്കേഡുകൾ വെച്ച് രണ്ടായിത്തിരിച്ചാണ് ഇരുദിശകളിലേക്കും ഗതാഗതം ക്രമീകരിച്ചിട്ടുള്ളത്. തൃശ്ശൂർ ദിശയിലേക്കുള്ള പാലത്തിൽ രണ്ടിടങ്ങളിലാണ് കുത്തിപ്പൊളിക്കൽ നടക്കുന്നത്. 10 ദിവസത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കി ഗതാഗതത്തിനായി തുറക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. നേരത്തേ, പാലക്കാട് ദിശയിലേക്കുള്ള പാലത്തിൽ അറ്റകുറ്റപ്പണി നടക്കുമ്പോൾ തൃശ്ശൂർ ദിശയിലേക്കുള്ള പാലത്തിൽ ബാരിക്കേഡുകൾവെച്ച് രണ്ടായിത്തിരിച്ചായിരുന്നു ഗതാഗതം ക്രമീകരിച്ചിരുന്നത്.

2021 ഫെബ്രുവരി ആറിന് വടക്കഞ്ചേരി മേൽപ്പാലം ഗതാഗതത്തിനായി തുറന്നതുമുതൽ അറുപതോളം തവണയാണ് ജോയിന്റുകളിലെ തകരാറിനെത്തുടർന്ന് കുത്തിപ്പൊളിക്കേണ്ടി വന്നത്. ഒരു ജോയിന്റ് നന്നാക്കി കുറച്ചുദിവസം കഴിയുമ്പോഴേക്കും അടുത്ത ജോയിൻ്റ് തകരാറിലാകും. കുത്തിപ്പൊളിക്കൽ തുടരുന്നതിനാൽ മേൽപ്പാലത്തിലൂടെ യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാനായിട്ടില്ല. വാഹനങ്ങൾ കടന്നുപോകുമ്പോൾ ജോയിന്റുകളിലെ കോൺക്രീറ്റ് അടർന്നാണ് തകരാറിലാകുന്നത്. ഇതുമുഴുവൻ കുത്തിപ്പൊളിച്ച് ഇരുമ്പുപാളികൾ ഘടിപ്പിച്ച് വീണ്ടും കോൺക്രീറ്റ് ചെയ്‌താണ് നന്നാക്കുന്നത്. 32 ജോയിൻ്റുകളാണ് മേൽപ്പാലത്തിലുള്ളത്.