പന്നിയങ്കര ടോൾ: ജൂൺ മുതൽ സ്‌കൂൾ വാഹനങ്ങൾക്ക് സൗജന്യമില്ല

വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോൾ കേന്ദ്രത്തിൽ ജൂൺ മുതൽ സ്‌കൂൾ വാഹനങ്ങൾക്ക് സൗജന്യമുണ്ടാകില്ല. ഇത് ചൂണ്ടിക്കാട്ടി സ്‌കൂൾ അധികൃതർക്ക് ടോൾ കമ്പനി കത്തുനൽകി. നേരത്തെ മാർച്ച് ഒന്നുമുതൽ സൗജന്യം നിർത്തലാക്കുമെന്ന് ടോൾ കമ്പനി അധികൃതർ അറിയിച്ചിരുന്നെങ്കിലും പരീക്ഷ നടക്കുന്ന സമയമായിരുന്നതിനാൽ സൗജന്യം തുടരുകയായിരുന്നു.സൗജന്യം നിർത്തുന്നതിനെതിരേ സ്‌കൂളധികൃതർ പരാതിയും നൽകിയിരുന്നു. പന്നിയങ്കരയിൽ ടോൾ പിരിവ് തുടങ്ങിയ 2022 മാർച്ച് ഒൻപതുമുതൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കും സ്‌കൂൾ വാഹനങ്ങൾക്കും ടോൾ ഈടാക്കുന്നില്ല. പിന്നീട് പലതവണ പ്രദേശവാസികളുടെ സൗജന്യം നിർത്താൻ ടോൾ കമ്പനി ശ്രമിച്ചെങ്കിലും പ്രതിഷേധങ്ങളുയർന്നതോടെ പിൻമാറുകയായിരുന്നു. . അടുത്തഘട്ടത്തിൽ പ്രദേശവാസികളുടെ വാഹനങ്ങൾക്കുള്ള സൗജന്യയാത്രയും നിർത്തുമെന്ന് ടോൾ കമ്പനി അധികൃതർ പറഞ്ഞു. വ്യവസ്ഥകൾ പ്രകാരം പ്രദേശവാസികളുടെ വാഹനങ്ങൾക്ക് മാസപ്പാസാണ് ഉള്ളതെന്നും ടോൾ കമ്പനി അധികൃതർ പറഞ്ഞു. 330 രൂപ മാസപ്പാസിൽ ഒരുമാസം എത്രതവണ വേണമെങ്കിലും ടോൾവഴി കടന്നുപോകാം.