പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും കാണാതായ നെന്മാറ സ്വദേശിയായ വയോധികനെ കണ്ടെത്തി.

നെന്മാറ: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും കാണാതായ നെന്മാറ സ്വദേശിയായ വയോധികനെ കണ്ടെത്തി. തിരുവനന്തപുരം പോത്തൻകോട് വെച്ചാണ് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നെന്മാറ സ്വദേശിയായ രാമനാഥനെ കാണാതായത്. ക്ഷേത്രത്തില്‍ തൊഴുത ശേഷം പുറത്തിറങ്ങിയ രാമനാഥൻ കൂട്ടം തെറ്റി പോവുകയായിരുന്നു.

തൊഴുതു കഴിഞ്ഞതിന് ശേഷം രാമനാഥൻ പുറത്തേക്കിറങ്ങി നടക്കുകയായിരുന്നെന്നുവെന്നും, ആള്‍ക്കൂട്ടത്തില്‍ കാണാതായെന്നും ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ഭാര്യ അടക്കം നാല് പേർക്കൊപ്പം നെന്മാറയിൽ നിന്നും രാമനാഥൻ പുറപ്പെട്ടത്.

പിറ്റേ ദിവസം രാവിലെ തിരുവനന്തപുരത്തെത്തി. ആറ്റുകാല്‍ ദർശനം കഴിഞ്ഞ് എട്ടുമണിയോടെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറി. വരി നിന്ന് തൊഴുത് കഴിഞ്ഞ ശേഷം പുറത്തേക്കിറങ്ങി നടന്ന രാമനാഥനെ പിന്നീട് കാണാതായി. നാട്ടില്‍ കൃഷിപ്പണി ചെയ്യുന്ന രാമനാഥൻ പലതവണ യാത്രകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പതിവ് തെറ്റിച്ചത്.