ഇഞ്ചികൃഷിക്കു നിലമൊരുക്കല്‍ സജീവം.

നെന്മാറ: വേനല്‍മഴ ലഭിച്ചതോടെ കാര്‍ഷിക മേഖല സജീവമായി. അയിലൂർ ചെട്ടികുളമ്പിലാണ് നെല്‍പ്പാടങ്ങളില്‍ ഇഞ്ചി കൃഷിക്കായുള്ള പണികള്‍ക്ക് തുടക്കമായത്. സ്വന്തമായും, പാട്ടത്തിനെടുത്തുമാണ് കര്‍ഷകര്‍ മേഖലയില്‍ ഇഞ്ചി കൃഷിയിറക്കുന്നത്.

വൈറസ്, ഫംഗസ് അസുഖങ്ങളില്‍ നിന്ന് രക്ഷനേടാനായി സ്ഥലങ്ങള്‍ മാറിയാണ് കൃഷി ഇറക്കുന്നത്. ഇഞ്ചി കൃഷി സ്ഥലത്ത് നീർവാർച്ച കുറയുന്നതിന് മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച്‌ ഉറവു ചാലുകള്‍ നിർമിക്കുന്ന പണികളും, തൊഴിലാളികളെ ഉപയോഗിച്ച്‌ വാരം ഉണ്ടാക്കുന്ന പണികള്‍ക്കുമാണ് തുടക്കമിട്ടിരിക്കുന്നത്.

രോഗപ്രതിരോധശേഷിയുള്ളതും ഉത്പാദന കൂടുതലുള്ളതും ഗുണമേന്മയുള്ളതുമായ ഇഞ്ചി വിത്താണ് നടുന്നതിനുപയോഗിക്കുന്നതെന്ന് കർഷകനായ കറുപ്പ സ്വാമി പറഞ്ഞു. ഏക്കറിനു 600 കിലോ ഇഞ്ചി വിത്ത് വേണ്ടി വരുമെന്ന് കർഷകർ പറഞ്ഞു. നിലം ഉഴുതുമറിച്ച്‌ ഉറവു ചാലുകളും നിശ്ചിത അകലത്തില്‍ വാരങ്ങളും എടുത്ത് ജൈവവളം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ ചേർത്ത് പാകപ്പെടുത്തിയ ശേഷമാണ് വിത്തു നടുന്നത്.

ഏക്കറിനു 50000 മുതല്‍ 65000 വരെ പാട്ട തുക നല്കിയാണ് കൃഷിയിറക്കുന്നതിനായി നിലമെടുത്തിരിക്കുന്നത്. നിലവില്‍ ചുക്ക് കിലോഗ്രാമിന് 300 രൂപയാണ് വില. മുൻവർഷം ഇഞ്ചി കൃഷി ചെയ്തവർ സ്വന്തമായി വിത്തു കരുതിയാണ് കൃഷി ഇറക്കുന്നത്.

ഇഞ്ചി വിളവെടുപ്പുകാലത്ത് നല്ല വില കിട്ടുമെന്ന പ്രതീക്ഷയും കർഷകർക്കിടയിലുണ്ട്. ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാളും വിത്ത് ഇഞ്ചിയ്ക്ക് വില വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു കിലോ ഇഞ്ചി വിത്ത് 300 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്. വയനാട്, കാസര്‍കോഡ്, കര്‍ണ്ണാടക തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങളില്‍ ഇഞ്ചി വിത്തുകള്‍ എത്തിയിട്ടുള്ളത്.

കാലാവസ്ഥ അനുകൂലമായാല്‍ മികച്ച വിളവും, വിലയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മിക്ക കര്‍ഷകരും പണികള്‍ ആരംഭിച്ചത്.