നെല്ലിയാമ്പതി ചുരംപാതയിൽ മരംവീണ്‌ ഒരുമണിക്കൂർ ഗതാഗതം മുടങ്ങി.

പോത്തുണ്ടി: കനത്തമഴയിൽ നെല്ലിയാമ്പതിചുരം പാതയിൽ മരം കടപുഴകിവീണ് ഒരു മണിക്കൂർ ഗതാഗതം മുടങ്ങി. പോത്തുണ്ടി-കൈകാട്ടി ചുരംപാതയിൽ പോത്തുണ്ടി ചെക്പോസ്റ്റിന് സമീപമാണ് കഴിഞ്ഞ ദിവസം 12 മണിയോടെ ചടച്ചിമരം കടപുഴകി വീണത്. നെല്ലിയാമ്പതിയിലേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ് ഉൾപ്പെടെ വഴിയിൽക്കുടുങ്ങി.

കൊല്ലങ്കോട്ടുനിന്ന് അഗ്നിരക്ഷാസേനയും, പോത്തുണ്ടി സെക്ഷനിലെ വനപാലകരും ചേർന്ന് മരം പൂർണമായും മുറിച്ചുമാറ്റി ഒരുമണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. വേനൽമഴ തുടരുന്നതിനാൽ ചുരംപാതയിൽ മിക്കയിടങ്ങളിലും പാതയിലേക്ക് വീഴാറായി നിൽക്കുന്ന മരങ്ങൾ യാത്രക്കാർക്ക് ഭീഷണിയായി മാറിയിട്ടുണ്ട്.