✒️ജോജി തോമസ്
നെന്മാറ: തുടർച്ചയായ ദിവസങ്ങളിലെ മഴ ഒന്നാം വിള പൊടി വിതയ്ക്ക് തയ്യാറായ നെല്‍പ്പാടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നു. വേനല്‍മഴ യോജിച്ചു വന്നാല്‍ പൊടി വിത നടത്താൻ കിള പണിയും ചാണകം, ചുണ്ണാമ്പ് എന്നിവ വിതറി നെല്‍പ്പാടം ഒരുക്കി തയ്യാറായ കർഷകർക്കാണ് തുടർച്ചയായ മഴയില്‍ തിരിച്ചടിയായത്.
മിതമായ രീതിയില്‍ ഇടവിട്ട ദിവസങ്ങളില്‍ വേനല്‍ മഴ ലഭിച്ചിരുന്നെങ്കില്‍ മണ്ണിലെ ഈർപ്പവും ചൂടും യോജിച്ചാല്‍ (കർഷകരുടെ ഭാഷയില്‍ പട്ടും പുകലും) ഒന്നാം വിള പൊടിയില്‍ വിതയ്ക്കാൻ തയ്യാറായ കർഷകരെയാണ് മഴ ശക്തമായത് ദുരിതത്തിലാക്കിയത്.
പോത്തുണ്ടി അകമ്പാടം, അയിലൂർ തിരുവഴിയാട്, ആലമ്പള്ളം, പാലമുക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് നെല്‍പ്പാടങ്ങളില്‍ വെള്ളം നിറഞ്ഞു കിടക്കുന്നത്.
പൊടി വിത നടത്തിയ ഉടൻ കളനാശിനി തളിച്ച് ചിലവ് കുറഞ്ഞ രീതിയില്‍ വിളവെടുക്കാം എന്ന കർഷകരുടെ പ്രതീക്ഷയ്ക്കാണ് കനത്ത മഴ തടസ്സമായത്.
ഒരാഴ്ചയോളം മഴ മാറി നിന്നാല്‍ മാത്രമേ വീണ്ടും പൊടി വിത നടത്താൻ പാടങ്ങള്‍ യോജിച്ചു വരുകയുള്ളൂവെന്ന് കർഷകർ പറഞ്ഞു.
സാധാരണ വേനല്‍ മഴയെ തുടർന്ന് ഇടവം ഒന്നിനുമുമ്ബ് തന്നെ നെല്പ്പാടങ്ങളിലുള്ള ചെറിയ ഈർപ്പത്തില്‍ നെല്ല് പൊടിയില്‍ വിതയ്ക്കാറുണ്ടായിരുന്നു. പൊടി വിത നടത്തിയാല്‍ ഞാറു പറിച്ചു നടുന്നതിനേക്കാള്‍ ചിലവ് കുറയുമെന്നും വേനലില്‍ മുളച്ച ചെടികള്‍ക്ക് കരുത്തും പ്രതിരോധശേഷിയും കൂടുമെന്നും കർഷകർ പറഞ്ഞു. രണ്ടു ദിവസം കൂടി മഴ മുന്നറിയിപ്പ് നോക്കിയ ശേഷമേ ഇനി പറിച്ചുനടീലിന് ഞാറ്റടി തയ്യാറാക്കാൻ കർഷകർ തയ്യാറെടുക്കുകയുള്ളു.
Similar News
തുടര്‍ച്ചയായ വേനല്‍മഴ; റബറിനു പക്ഷിക്കണ്ണുരോഗം.
കരിമഞ്ഞളിലെ അപൂര്വഇനമായ വാടാര്മഞ്ഞള് കൃഷിചെയ്ത് വടക്കഞ്ചേരി സ്വദേശി.
വേനല്‍മഴയില്‍ ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ ഉഴുതുമറിച്ച് കര്‍ഷകര്‍.