ആലത്തൂർ: ഏതുനിമിഷവും നിലം പൊത്താവുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ നിലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് രണ്ട് വർഷമായിട്ടും നടപ്പായില്ല. ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന ജീവനക്കാർ മഴ തുടങ്ങിയതോടെ ഭയപ്പാടിലായി.
കെട്ടിടത്തിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ച് കെ.ഡി.പ്രസേനൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനു മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. 2000 മുതൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് നിലയം പ്രവർത്തിക്കുന്നത്.
ഈ കെട്ടിടം വർഷങ്ങളായി തകർന്നു വീഴാറായ നിലയിലാണ്. പൊതുമരാമത്ത് വിഭാഗം ഇവിടെ നിന്ന് നിലയം മാറ്റി സ്ഥാപിക്കാൻ നിർദേശിച്ചിരുന്നു. അഗ്നിരക്ഷാ നിലയത്തിനു പുതിയ കെട്ടിടം നിർമിക്കാൻ ജലസേചന വകുപ്പ് കൈമാറിയിട്ടുള്ള കുഴൽമന്ദം ചിതലിയിൽ കെട്ടിടം നിർമിക്കുന്നതു വരെ മറ്റൊരു കെട്ടിടത്തിലേക്ക് നിലയത്തിന്റെ പ്രവർത്തനം മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്.
പുതിയ കെട്ടിടം വാടകയ്ക്ക് എടുക്കാനുള്ള വകുപ്പ് തല നടപടി ആരംഭിച്ചു. കുനിശ്ശേരിയിലെ സിനിമ തിയറ്റർ കെട്ടിടത്തിലേക്ക് നിലയം മാറ്റാൻ നീക്കങ്ങൾ തുടങ്ങിയതാണ്. എന്നാൽ നാളിതുവരെ അത് പ്രവൃത്തിപഥത്തിൽ വന്നില്ല. കെട്ടിടം കൈമാറാൻ ഉടമ സമ്മതപത്രം നൽകിയതല്ലാതെ പിന്നീട് ഇക്കാര്യത്തിൽ നടപടികളൊന്നുമുണ്ടായില്ല. ഇതു മൂലം തുടർ നടപടിക്രമങ്ങൾ പൂർത്തിയായില്ല.
കെട്ടിടത്തിന് വാടക നിശ്ചയിച്ച് നൽകണമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് കത്ത് നൽകിയിരുന്നു. അവർ നിശ്ചയിക്കുന്ന വാടക ഉടമയ്ക്ക് സമ്മതമാണെന്ന ഉടമയുടെ സമ്മതപത്രവും കാലപ്പഴക്കം നിർണയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സമ്മതപത്രവും വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ സർവേ നമ്പറും ഒപ്പം നൽകണമെന്ന് ജില്ലാ അഗ്നിരക്ഷാനിലയം അധികൃതർ നിർദേശിച്ചിരുന്നു.
എന്നാൽ ഇതൊന്നും ഉടമ ഹാജരാക്കിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ നിലയം അങ്ങോട്ട് മാറ്റാനുള്ള തീരുമാനം ഉപേക്ഷിച്ച നിലയിലാണ്. 40 ഓളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ആലത്തൂർ പഞ്ചായത്തിന് അനുവദിച്ച നിലയം പഞ്ചായത്തിന് നഷ്ടപ്പെടാതിരിക്കാനാണ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ 2000 ത്തിൽ പ്രവർത്തനം തുടങ്ങിയത്. രണ്ടു ദശാബ്ദത്തിനിടയിൽ കെട്ടിടത്തിന് കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മാറ്റാൻ നിർദേശം നൽകിയത്.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.