കനത്ത മഴയിൽ വിവിധയിടങ്ങളിൽ നാശ നഷ്ടം.

വടക്കഞ്ചേരി: മഴ ശക്‌തമായതോടെ വടക്കഞ്ചേരി ടൗൺ വെള്ളത്തിൽ മുങ്ങി. റോഡുകളിലെ വെള്ളക്കെട്ടും മലിനജലവും ഗതാഗത തടസ്സം സൃഷ്ടിച്ചു. ടൗണിലെ കടകളിലേക്കും വെള്ളം അടിച്ചു കയറി.

ദേശീയപാതയിൽ തേനിടുക്ക് മേൽപാലത്തിലെ വെള്ളക്കെട്ട് മൂലം 2 വാഹനങ്ങൾ അപകടത്തിൽ പെട്ടു. ലക്ഷങ്ങൾ ചെലവഴിച്ചു പൊതുമരാമത്ത് വകുപ്പ് ബസ് സ്‌റ്റാൻഡിൽ നിർമിച്ച അഴുക്കുചാലുകളെ നോക്കുകുത്തിയാക്കി മലിനജലം റോഡിലൂടെ ഒഴുകുകയാണ്. മാലിന്യം നിറഞ്ഞ് ഓടകൾ മൂടിക്കിടക്കുന്നതിനാൽ കടകളിൽ മലിനജലം നിറയുന്ന അവസ്‌ഥയാണുള്ളത്.

വെള്ളച്ചാലുകളിൽ അടിഞ്ഞ മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്ത് തയാറായില്ലെന്നും നിരവധി തവണ ബോർഡ് യോഗത്തിൽ ആവശ്യപ്പെട്ടതാണെന്നും പഞ്ചായത്ത് അംഗങ്ങളായ അമ്പിളി മോഹൻദാസ് ശ്രീനാഥ് വെട്ടത്ത് എന്നിവർ പറഞ്ഞു.

മംഗലം-ഗോവിന്ദാപുരം സംസ്‌ഥാന പാതയുടെ മംഗലം, മുടപ്പല്ലൂർ ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. വെള്ളം മൂടിയ വടക്കഞ്ചേരി ടൗണിൽ കൂടി നടക്കാൻ പറ്റാത്ത സ്‌ഥിതിയാണുള്ളത്.

സുനിത ജംക്ഷനിലും ബസ് സ്‌റ്റാൻഡിന് മുൻപിലും തങ്കം ജംക്‌ഷനിലും കിഴക്കഞ്ചേരി റോഡിലും കമ്മാന്തറ റോഡിലും വെള്ളം അഴുക്കുചാലുകൾക്കു മുകളിലൂടെ നിറഞ്ഞൊഴുകുകയാണ്.

20 ലക്ഷം രൂപ മുടക്കി വെള്ളച്ചാൽ നവീകരിച്ച മംഗലംപാലം ബൈപാസ് റോഡിൽ വെള്ളം കെട്ടിനിൽക്കുകയാണ്. നിർമാണ അപാകത ചൂണ്ടിക്കാണിച്ചിട്ടും ആരും നടപടി സ്വീകരിക്കുന്നില്ല. ഇവിടെ വെള്ളത്തിൽ വീണ് അപകടങ്ങളും സ്‌ഥിരം കാഴ്ചയാണ്.

പാറ ഉരുണ്ടുവീണ് കണ്ണമ്പ്ര ചല്ലിപ്പറമ്പ് മരുതക്കുന്ന് സുബ്രഹ്മണ്യൻ്റെ വീടിന് കേടുപാടു പറ്റി. വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കില്ല. മാളികപ്പറമ്പിൽ മൂന്ന് വീടുകളിൽ വെള്ളം കയറി.

മൂന്നടിയോളം ഉയർന്നുനിൽക്കുന്ന കോൺക്രീറ്റ് അഴുക്കുചാലിൻ്റെ വശത്തെ വീടുകളിൽ സ്ഥിരമായി വെള്ളം കയറുന്ന പ്രശ്നമുണ്ട്. സമീപത്തെ കെട്ടിടവളപ്പിൽനിന്ന് വെള്ളം കുത്തിയൊഴുകി വെള്ളക്കെട്ട് രൂപപ്പെട്ടു.

കുനിശ്ശേരി ഗവ. എച്ച്.എസ്.എസിന്റെ പിന്നിലെ മൈതാനത്തിൻ്റെ മതിൽ മഴയിൽ തകർന്നു. കുനിശ്ശേരി മാടമ്പാറ പാതയിലേക്കാണ് മതിലിൻ്റെ കല്ലും കോൺക്രീറ്റും വീണത്. പ്രദേശത്തെ യുവാക്കൾ കല്ലും മണ്ണും നീക്കി ഗതാഗതതടസ്സം ഒഴിവാക്കി.

കോട്ടായി കൂട്ടാലക്കളം തെക്കിൻകര രതീഷിന്റെ വീട് മഴയിൽ പൂർണമായി തകർന്നു. കുടുംബാംഗങ്ങളെ സമീപത്തെ വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു.