ആലത്തൂർ: ആലത്തൂർ ഗ്രാമപ്പഞ്ചായത്തിലെ സമഗ്ര കുടിവെള്ളപദ്ധതിയുടെ ജലസ്രോതസ്സുകളായ വെങ്ങന്നൂർ എടാമ്പറമ്പ് തടയണയിലും, വാലിപ്പറമ്പ് തടയണയിലും ജലശുദ്ധീകരണത്തിനുള്ള പ്ലാന്റ് സ്ഥാപിക്കും. ആലത്തൂർ ബ്ലോക്ക്- ഗ്രാമപ്പഞ്ചായത്തുകൾ ചേർന്ന് 15 ലക്ഷം രൂപ ചെലവിലാണ് രണ്ട് പ്ലാൻറുകൾ സ്ഥാപിക്കുക. ദർഘാസ് നടപടി പൂർത്തിയായി. മഴ കുറഞ്ഞ് പുഴയിൽ ജലനിരപ്പ് താഴ്ന്നാലുടൻ പണി ആരംഭിക്കും.
40 വർഷം മുമ്പ് ജല അതോറിറ്റി ആരംഭിച്ച പദ്ധതിയാണിത്. ജനകീയാസൂത്രണ പദ്ധതി വന്നതോടെ ഗ്രാമപ്പഞ്ചായത്തിന് വിട്ടുകൊടുത്തു. തടയണയിലെ വെള്ളം ഫിൽറ്ററേഷൻ ഗാലറിയിൽ ശുദ്ധീകരിച്ച് പമ്പ് ചെയ്യുകയായിരുന്നു ആദ്യം. പിന്നീട് ആലത്തൂർ ഗ്രാമപ്പഞ്ചായത്തോഫീസിന് സമീപം ശുദ്ധീകരണശാല സ്ഥാപിച്ച് പല ഘട്ടങ്ങളിലായി ശുദ്ധീകരിക്കുന്ന സംവിധാനം ഏർപ്പെടുത്തി. ജല അതോറിറ്റി നടത്തിപ്പുചുമതല ഒഴിഞ്ഞശേഷം ജല ശുദ്ധീകരണ സംവിധാനം ശരിയായി പ്രവർത്തിക്കാതായി.
എടാമ്പറമ്പിൽ 50 കുതിരശക്തിയുടെയും 30 കുരിരശക്തിയുടെയും രണ്ട് മോട്ടോറുകളും വാലിപ്പറമ്പിൽ 30 കുതിരശക്തിയുടെ ഒരു മോട്ടോറുമാണുള്ളത്. കാലപ്പഴക്കം ചെന്ന മോട്ടോറുകൾ ഇടയ്ക്കിടെ പണിമുടക്കും. പഴയത് മാറ്റി പുതിയത് സ്ഥാപിക്കുന്നത് ഗ്രാമപ്പഞ്ചായത്തിൻ്റെ പരിഗണനയിലാണ്.
നാലായിരം കണക്ഷനുകളാണ് ഈ പദ്ധതിയിലുള്ളത്. ഇതിൽ ആയിരത്തോളം കണക്ഷനുകളിൽ ശുദ്ധീകരണ പ്ലാന്റിൽ എത്താത്ത വെള്ളം നേരിട്ടാണ് വിതരണം ചെയ്യുന്നത്. ചെളിയും കരടും കലർന്ന വെള്ളമാണ് വീടുകളിലെത്തുന്നത്. ഇത് പരിഹരിക്കാനാണ് പുതിയ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതെന്ന് ആലത്തൂർ ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് അധികാരികൾ വ്യക്തമാക്കി.
Similar News
അപകടഭീഷണിയായി കൂറ്റൻ ആല്മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം