നെല്ലിയാമ്പതി ഓറഞ്ച് ഫാമിൽ ഡ്രാഗൺ ഫ്രൂട്ടും വിളവെടുത്തു.

✒️ബെന്നി വർഗീസ്
നെല്ലിയാമ്പതി: സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ആരംഭിച്ച ഡ്രാഗൺ ഫ്രൂട്ട് വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനുമോൾ നിർവ്വഹിച്ചു. മലേഷ്യൻ റെഡ് എന്ന ഇനം ഡ്രാഗൺ ഫ്രൂട്ട് ആണ് കൃഷി ചെയ്തത്. 450 തൈകൾ ആണ് 2023 ഏപ്രിൽ മാസത്തിൽ നട്ടത്. 750 ഗ്രാം വരെ തൂക്കം ലഭിക്കുന്നുണ്ട്.

ഇവിടുത്തെ പ്രത്യേക കാലാവസ്ഥയിലും ഈ വിദേശി ഇനം പഴവർഗ്ഗം നല്ല പോലെ വളരുന്നുണ്ട്. രോഗ കീട ബാധകൾ തീരെ കുറവാണ് എന്നതും എടുത്തു പറയേണ്ടതാണ്. ഇതോടനുബന്ധിച്ച് തരിശ് രഹിത ഫാം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിൻ്റെ ഭാഗമായി സംസ്കരണത്തിനും മൂല്യ വർദ്ധനക്കും ഏറെ സാധ്യതയുള്ള ചോക്കലേറ്റ് ഉൾപ്പെടെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വിള എന്ന നിലക്ക് കൊക്കോ കൃഷി തനി വിളയായും, ഇടവിളയായും ഏകദേശം15 ഹെക്ടർ സ്ഥലത്ത് വ്യാപിപ്പിക്കുന്നുണ്ട്.