മംഗലംഡാം വടക്കേകളത്ത് വാഹനാപകടം ; അപകടത്തിന് കാരണം റോഡിന്റെ ശോചനീയാവസ്ഥ എന്ന് നാട്ടുകാർ.

മംഗലംഡാം : വടക്കേകളത്ത് വീണ്ടും അപകടം. വടക്കേകളം ക്വാറിക്ക് സമീപം ഉള്ള വളവിൽ ടോറസിൽ കാറിടിച്ചാണ് അപകടമുണ്ടായത്. മുടപ്പല്ലൂർ ഭാഗത്ത് നിന്നും ക്വാറിയിലേക്ക് വരുന്ന ടോറസിന്റെ ടയറിൽ മംഗലംഡാം ഭാഗത്തു നിന്നും ചിറ്റടി പള്ളിയിലേക്ക് പോവുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. അപകടത്തിൽ കാറിന്റെ മുൻ ഭാഗത്തെ ടയർ തകർന്നു. കഴിഞ്ഞ മാസം 15 ആം തിയതി ഈ സ്ഥലത്ത് മണൽ കയറ്റി പോവുകയായിരുന്ന ടോറസ് മറിഞ്ഞ് അപകടം ഉണ്ടായി. അപകടത്തിൽ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു പോയതിനെ തുടർന്ന് വീപ്പയിൽ റിബൺ കെട്ടി ഈ സ്ഥലത്തു ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇതു മൂലം ഈ ഭാഗത്ത്‌ രണ്ട് വാഹനങ്ങൾ ഒരുമിച്ചു പോവാൻ ഉള്ള വീതി കുറവായതാണ് ഈ ഭാഗത്ത്‌ അപകടങ്ങൾ ഉണ്ടാവുന്നത് എന്ന് നാട്ടുകാർ പറഞ്ഞു. മംഗലംഡാം – മുടപ്പല്ലൂർ റോഡ് മുഴുവൻ തകർന്നു കിടക്കുകന്നതിനാൽ അപകടങ്ങൾ വർധിച്ചു വരുകയാണെന്നും നാട്ടുകാർ പറഞ്ഞു ഇനിയും അപകടങ്ങൾ ഉണ്ടാവുന്നതിന് മുൻപ് മംഗലംഡാം – മുടപ്പല്ലൂർ റോഡും ഇടിഞ്ഞ ഭാഗവും നേരെയാക്കി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.