നെല്ലിയാമ്പതിയിലേക്കുള്ള യാത്ര നിയന്ത്രണം ഒഴിവാക്കി.

നെല്ലിയാമ്പതി: ഉരുൾപൊട്ടി തകർന്ന ചുരംപാതയിലെ തടസ്സങ്ങൾ നീക്കിയതോടെ നെല്ലിയാമ്പതിയിലേക്കുള്ള വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ജൂലായ് 29നുണ്ടായ ശക്തമായ മഴയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടിയും 26 ഇടങ്ങളിൽ മണ്ണും മരങ്ങളും വീണും ഗതാഗതം പൂർണമായും മുടങ്ങിയിരുന്നു.

പൊതുമരാമത്ത്, റവന്യൂ, വനം, ജിയോളജി വകുപ്പുകളുടെ നേതൃത്വത്തിൽ ഉരുൾപൊട്ടിയ ഭാഗങ്ങളിലെ പാറക്കല്ലുകൾ പൊട്ടിച്ചുനീക്കി. അഞ്ചുദിവസങ്ങൾക്ക് ശേഷമാണ് ചെറുവാഹനങ്ങൾക്കായി ഒറ്റവരിഗതാഗതം പുനഃസ്ഥാപിക്കാനായത്. പിന്നീട് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചെങ്കിലും വിനോദസഞ്ചാരികൾക്ക് ഉൾപ്പെടെ പ്രവേശനം നിയന്ത്രിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്‌ചമുതൽ പാതയിലേക്ക് തള്ളിനിൽക്കുന്ന വലിയ പാറക്കൂട്ടങ്ങൾ പൊട്ടിച്ചും പാതയിലുള്ള മണ്ണുനീക്കിയും വലിയവാഹനങ്ങൾ കടന്നുപോകുന്നതിന് സൗകര്യമൊരുക്കിയതോടെയാണ് നെല്ലിയാമ്പതിയിലേക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. ഇതോടെ 29 ദിവസമായി മുടങ്ങിയ നെല്ലിയാമ്പതിയിലെ ടൂറിസംമേഖല വീണ്ടും സജീവമാകും.