വടക്കഞ്ചേരി: ഇടവേളയ്ക്കുശേഷം രണ്ടുദിവസമായി മഴ ശക്തമായതോടെ വെള്ളപ്പൊക്കഭീതിയില്‍ ആര്യൻകടവ് നിവാസികള്‍. മംഗലംഡാമില്‍ നിന്നുള്ള പുഴയും, കരിപ്പാലിപുഴയും സംഗമിക്കുന്ന പ്രദേശമാണ് വടക്കഞ്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡായ ആര്യൻകടവ്. ഏതുസമയവും വെള്ളംപൊങ്ങാവുന്ന സ്ഥിതിയാണിവിടെ.
2007ലും പ്രളയമുണ്ടായ 2018, 2019 വർഷങ്ങളിലും കഴിഞ്ഞ ജൂലായ് 29ന് അർധരാത്രിയിലും പ്രദേശമാകെ മുങ്ങി. വെള്ളംപൊങ്ങിയാല്‍ ഇവിടെ നൂറ്റിയമ്പതോളം വീടുകളാണ് മുങ്ങുക. പഞ്ചായത്തിന്റെ മാലിന്യ യാർഡ് ഇവിടെയാണെന്നതും ദുരിതം ഇരട്ടിയാക്കുന്നു. വെള്ളം കയറുന്നതോടെ ഇവിടെനിന്നുള്ള മാലിന്യങ്ങളും വീടുകളിലെത്തും.
ജൂലായ് 29ന് മംഗലംഡാമിന്റെ ഷട്ടറുകള്‍ നാലടിയോളം ഉയർത്തിയതും ആലത്തൂർ വീഴുമലയിലെ ഉരുള്‍പൊട്ടലും മൂലം അതിവേഗത്തിലാണ് രണ്ടുപുഴകളിലും വെള്ളംപൊങ്ങിയത്. മംഗലംഡാമില്‍ നിന്നുള്ള വെള്ളത്തിനുപുറമെ പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തില്‍ നിന്നുള്ള വെള്ളവും, മറ്റു ചെറുതോടുകളില്‍ നിന്നുള്ള വെള്ളവുമാണ് മംഗലംപുഴ ആര്യൻകടവിലെത്തുക.
വെള്ളംമുങ്ങിയ വീടുകള്‍ വൃത്തിയാക്കി പിന്നീടുള്ള താമസവും ഏറെ ദുഷ്‌കരമാണ്. മുറിക്കുള്ളിലെല്ലാം ചെളി നിറയും. എല്ലാ മാലിന്യങ്ങളും കുമിഞ്ഞുകൂടും. വീട്ടുസാധനങ്ങളെല്ലാം ചെളിയില്‍ മുങ്ങിനശിക്കും. മലവെള്ള പാച്ചിലിനൊപ്പം ഒഴുകിയെത്തുന്ന ഉഗ്രവിഷമുള്ള പാമ്പുകളും ഇവിടത്തുകാരുടെ പേടി സ്വപ്നമാണ്. വെള്ളം ഇറങ്ങിയാലും വീടിനുള്ളില്‍ പലയിടത്തും പാമ്പുകളുണ്ടാകും.
കിണറുകളില്‍ ചെളിനിറഞ്ഞു വെള്ളം ഉപയോഗിക്കാൻ കഴിയില്ല. അതിനാല്‍ കുറെക്കാലം കുടിവെള്ളംവരെ കാശുകൊടുത്തു വാങ്ങണം. മംഗലം ഡാമിന്റെ ഷട്ടറുകള്‍ പെട്ടെന്ന് കൂടുതല്‍ ഉയർത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഇവിടുത്തെ വെള്ളപ്പൊക്കത്തിനു പരിഹാരമെന്ന് പ്രദേശവാസികള്‍ പറയുന്നു.
നിശ്ചിത ജലനിരപ്പ് ആകുമ്പോള്‍ ഡാമിലെ വെള്ളം തുറന്നു വിടണം. ജലനിരപ്പ് പരമാവധി ശേഷിയിലെത്തുന്നതിനു വളരെ മുമ്പേ വെള്ളം കൂടുതലായി ഒഴുക്കിക്കളഞ്ഞ് വൃഷ്ടിപ്രദേശത്തുണ്ടാകുന്ന ഉരുള്‍പൊട്ടുലുകളിലെ വെള്ളംകൂടി ഉള്‍ക്കൊള്ളാവുന്നവിധം ഡാമിലെ ജലനിരപ്പ് ക്രമീകരിച്ചു നിർത്തണമെന്നാണ് വിദഗ്ധാഭിപ്രായം.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.