ഓണം പോന്നോണമാക്കാൻ അതുലിനും ഐശ്വര്യക്കും ലൂര്‍ദ് ഭവൻ ഒരുക്കി ലൂർദ് മാതാ ഹയർ സെക്കണ്ടറി സ്കൂൾ

മംഗലംഡാം : അതുലിനും ഐശ്വര്യക്കും ഈ ഓണം പൊന്നോണമാണ്. സ്വന്തമായി മനോഹരമായ ഒരു വീട് അതു സ്വപ്നത്തില്‍ നിന്നും യാഥാർഥ്യമായതിന്‍റെ സന്തോഷത്തിലാണ് അതുലും ഐശ്വര്യയും. മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇവർ. വീഴ്‌ലിയില്‍ ഓലപ്പുരയിലും വാടകക്കെട്ടിടങ്ങളിലുമായിരുന്നു ഇവരുടെ കുടുംബം കഴിഞ്ഞിരുന്നത്. കുട്ടികളുടെ ദുരവസ്ഥ മനസിലാക്കി സഹപാഠികളും അധ്യാപകരും മറ്റു രക്ഷിതാക്കളും സഹായങ്ങളുമായി മുന്നോട്ടുവന്നപ്പോള്‍ സൗകര്യങ്ങളോടെ ലൂർദ്ഭവൻ എന്ന പേരില്‍ വീട് ഒരുങ്ങുകയായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസി ടോം താക്കോല്‍ദാനം നിർവഹിച്ചു. പിടിഎ പ്രസിഡന്‍റ് ഡിനോയ് കോമ്പാറ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പല്‍ സിസ്റ്റർ ആല്‍ഫിൻ ആശംസകള്‍ നേർന്നു. ലൂർദ്ഭവന്‍റെ രണ്ടാമത്തെ ഭവനമാണിത്. ഒരു വർഷം ഒരു വീട് എന്ന നിലയില്‍ ഭവനപദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യംവച്ചിട്ടുള്ളതെന്ന് പിടിഎ പ്രസിഡന്‍റ് പറഞ്ഞു.