വടക്കഞ്ചേരി : ഹോട്ടല്‍ ഡയാനയ്ക്കു പുറകില്‍ പള്ളിക്കാടു ഭാഗത്ത് മഴവെള്ളപ്പാച്ചിലില്‍ തകർന്ന മെയിൻകനാല്‍ പുനർനിർമിക്കാൻ വൈകുന്നതില്‍ പ്രതിഷേധിച്ചു അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തില്‍ കർഷകർ 30ന് വടക്കഞ്ചേരിയിലുള്ള ജലസേചന വകുപ്പ് കനാല്സെക്ഷൻ ഓഫീസിനു മുന്നില്‍ സമരം നടത്തും. രാവിലെ 10ന് നടക്കുന്ന സമരം അഖിലേന്ത്യാ കിസാൻസഭ ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്യും. ഒന്നരമാസം മുൻപ് ശക്തമായ മഴയിലെ വെള്ളപ്പാച്ചിലിലാണ് മംഗലംഡാമില്‍നിന്നുള്ള ഇടതുകര മെയിൻകനാല്‍ 30 മീറ്ററോളം തകർന്നത്. കനാലിലെ മണ്ണ് കുത്തിയൊഴുകി സമീപത്തെ നെല്പാടത്തിന്റെ കരഭാഗവും മണ്ണുനികന്ന നിലയിലായി. വെള്ളംചാടി കനാലില്‍ വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. കനാല്‍ ബണ്ടില്‍ നിന്നിരുന്ന വൻമരം കടപുഴകി പാടത്തേക്ക് വീണതും കനാലിന്റെ കൂടുതല്‍ ഭാഗങ്ങള്‍ തകരാൻ കാരണമായി. 22 കിലോമീറ്റർ ദൂരം വരുന്ന മെയിൻ കനാലിന്റെ പകുതി ദൂരം പിന്നിടുന്ന ഭാഗത്താണ് കനാല്‍ തകർന്നിട്ടുള്ളത്. ഇതിനാല്‍ താഴെയുള്ള മൂന്നു പഞ്ചായത്തുകളിലെ പാടങ്ങളിലേക്ക് ഇതുവഴി വെള്ളം കൊണ്ടു പോകാൻ കഴിയില്ല. ആയിരം ഹെക്ടർ വരുന്ന പാടശേഖരങ്ങളില്‍ കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിവരുമെന്നും കർഷകർ ആരോപിക്കുന്നു. താത്കാലികമായി കനാല്‍ പുനർനിർമിക്കുന്നതിനും തുടർന്ന് സ്ഥിരമായുള്ള കനാല്‍ വർക്കുകള്‍ക്കുമായി നേരത്തെ തന്നെ എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടൻ പണി നടത്തുമെന്നും ഇറിഗേഷൻ കനാല്‍ അസിസ്റ്റന്റ് എൻജിനീയർ സിന്ധു പറഞ്ഞു.

Similar News
തുടര്‍ച്ചയായ വേനല്‍മഴ; റബറിനു പക്ഷിക്കണ്ണുരോഗം.
കരിമഞ്ഞളിലെ അപൂര്വഇനമായ വാടാര്മഞ്ഞള് കൃഷിചെയ്ത് വടക്കഞ്ചേരി സ്വദേശി.
വേനല്‍മഴയില്‍ ചീഞ്ഞുതുടങ്ങിയ വൈക്കോല്‍ ഉഴുതുമറിച്ച് കര്‍ഷകര്‍.