✍🏻റിപ്പോർട്ട് : ബെന്നി വർഗീസ്
നെന്മാറ : നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച സഫാരി ജീപ്പ് മറഞ്ഞ് 7 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ നാലു പേരെ നെന്മാറ സ്വകാര്യ ആശുപത്രിയിലും, മൂന്നുപേർ നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള വിനോദസഞ്ചാര കൂട്ടായ്മയിലെ അംഗങ്ങളാണ് അപകടത്തിൽ പെട്ടത്. കട്ടപ്പന സ്വദേശിനി അമലു (23) മലപ്പുറം സ്വദേശികളായ സുഹൈൽ (30) ഫാത്തി ഷെഫ്റ (23), കണ്ണൂർ സ്വദേശികളായ അന്ന ( 25 ) അജിലേഷ് (29), ലക്ഷ്മി (25) എന്നിവർക്കാണ് പരിക്കേറ്റത്.വിനോദസഞ്ചാര കൂട്ടായ്മയുടെ ഭാഗമായി വിവിധ ജില്ലകളിൽ നിന്ന് എത്തിയ 15 പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച നെല്ലിയാമ്പതി മിന്നാംപാറയിലെ സ്വകാര്യ റിസോർട്ടിൽ താമസത്തിന് എത്തിയത്. ഇവർ തിങ്കളാഴ്ച ഓഫ് റോഡ് യാത്രയും വിവിധ സ്ഥലങ്ങളും കാണുന്നതിനുമായി രണ്ടു സഫാരി ജീപ്പുകളിലായി സഞ്ചരിക്കുന്നതിനിടയാണ് നെല്ലിയാമ്പതി കാരാശൂരി ഇറക്കത്തിൽ സഫാരി ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. രണ്ടുപ്രാവശ്യം ഉരുണ്ടുമറിഞ്ഞ ജീപ്പിനകത്ത് ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. വാഹനം ഓടിച്ച ഡ്രൈവർ രമേശ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റു വിനോദസഞ്ചാരികളുമായി ഒപ്പം ഉണ്ടായിരുന്ന രണ്ടാമത് സഫാരി ജീപ്പിലെ അംഗങ്ങളാണ് പരിക്കേറ്റവരെ വാഹനത്തിനുള്ളിൽ നിന്നും രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചക്ക് 1.30 മണിയോടെയാണ് വിനോദസഞ്ചാരികൾ സഞ്ചരിച്ച സഫാരി ജീപ്പ് അപകടത്തിൽപ്പെട്ടത്. പരിക്കുപറ്റിയവരെ ചികിത്സയ്ക്കായി കൈകാട്ടിയിലെ ആശുപത്രിയിലേക്കും നെന്മാറയിലേക്കും എത്തിക്കുന്നതിനായി സഫാരി ജീപ്പുകളുടെ സഹായം വേണ്ടിവന്നു. ഓഫ് റോഡ് വാഹനങ്ങൾ മാത്രം പോകുന്ന സ്ഥലമായതിനാൽ ആംബുലൻസുകൾക്ക് പുലയമ്പാറയിലെ കെഎസ്ഇബി യുടെ ഓഫീസ് വരെ മാത്രമാണ് പോകാൻ കഴിഞ്ഞത്. സഫാരി ജീപ്പിലെ ജീപ്പ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടം ക്ഷണിച്ചു വരുത്തിയതെന്ന് നെന്മാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൈൽ പറഞ്ഞു. അപകടത്തിൽപ്പെട്ട ജീപ്പ് ഉയർത്തി നിർത്തി കാരശ്ശേരിയിലെ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരിക്കുകയാണ്. ഇന്ന് പോലീസ്, വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അപകടസ്ഥലം സന്ദർശിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.