നട്ടത് കടപ്ലാവ്; കായ്ച്ച ശേഷം കടച്ചക്ക മുറിച്ചപ്പോൾ സാധാരണ ചക്ക.

✍🏻ബെന്നി വർഗീസ്
വടക്കഞ്ചേരി: നേസ്ഴറിയിൽ നിന്ന് വാങ്ങി നട്ടത് കടപ്ലാവിൻ തൈ. വളർന്നപ്പോൾ കായ്ച്ചതും കടച്ചക്ക. വലിപ്പവും കടച്ചക്കയുടേത് തന്നെ. എന്നാൽ മുറിച്ചപ്പോൾ സാധാരണ ചക്കയുടെ ചുളയും കുരുവും. കിഴക്കഞ്ചേരി കൊന്നക്കൽക്കടവ് പള്ളിപ്പാട് സണ്ണിയുടെ വീട്ടിലെ കടപ്ലാവിലാണ് പ്രകൃതിയുടെ ഈ അത്ഭുതം.

സണ്ണി തൈ വാങ്ങി നട്ടിട്ട് അഞ്ചു വർഷമായി. തൈ വളർന്നു വന്നതെല്ലാം കടപ്ലാവിന്റെ രൂപഭാവങ്ങളോടെയാണ്. കടച്ചക്ക ഉണ്ടാവുന്നതുപോലെ ഇല കവിളിലാണ് കടച്ചക്ക വിരിഞ്ഞതും. മൂപ്പെത്തി പറിച്ചു മുറിച്ചു നോക്കിയപ്പോഴാണ് ഈ അത്ഭുതകാഴ്ച്ച. ചുളയും കുരുവും സാധാരണ ചക്കയുടേത് പോലെയാണെങ്കിലും രുചി അങ്ങനെയല്ല എന്ന് സണ്ണി പറയുന്നു.

ഈ അപൂർവ്വ ചക്കയേപറ്റി കേട്ടറിഞ്ഞ നാട്ടുകാർ ചക്ക കാണാനും വാങ്ങാനുമായി സണ്ണിയുടെ വീട്ടിലേക്കെത്തുന്നുണ്ട്. ഈ പ്രതിഭാസം തിരിച്ചറിയാൻ കിഴക്കഞ്ചേരി കൃഷി ഭവൻ ഓഫീസറെ സമീപിക്കാനിരിക്കുകയാണ് സണ്ണി.