അപകടക്കുഴികളടച്ചതിനു പിന്നാലെ മംഗലം-ഗോവിന്ദാപുരം പാതയിൽ ടാർ ഇളകി

ചിറ്റിലഞ്ചേരി : വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അറ്റകുറ്റപ്പണി നടത്തിയ പാതയിൽ വീണ്ടും ടാറിങ് ഇളകി കുഴികളായി മാറി. മംഗലം-ഗോവിന്ദാപുരം പാതയിലാണ് അറ്റകുറ്റപ്പണികളുടെ ഭാഗമായി പാത തകർന്ന ഭാഗങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ ടാറിങ് നടത്തിയത്. ചിറ്റിലഞ്ചേരി മുതൽ മംഗലം പാലം വരെയുള്ള ഭാഗങ്ങളിൽ കൂടുതൽ തകർന്ന ഭാഗങ്ങളിൽ പൂർണമായി ടാറിങ് നടത്തിയും മറ്റിടങ്ങളിൽ കുഴികൾ അടച്ചുമാണ് നവീകരിച്ചത്. മലയോര ഹൈവേയുടെ ഭാഗമായി നവീകരണം നടത്തുന്നതിനായി പാത തിരഞ്ഞെടുത്തിരുന്നു. പിന്നീട് പാതയിൽ നടത്തേണ്ട അറ്റകുറ്റപ്പണിയൊന്നും നടത്തിയില്ല. മിക്കയിടങ്ങളിലും അപകടക്കുഴികളും നിറഞ്ഞു. എന്നാൽ മലയോര ഹൈവേ പദ്ധതി വൈകിയതോടെയാണ്, വീണ്ടും അറ്റകുറ്റപ്പണി നടത്തിയത്. പുതുതായി ടാറിങ് നടത്തിയ പള്ളിക്കാടിനു സമീപവും വള്ളിയോടിനു സമീപത്തുമായാണ് ടാറിങ് നീങ്ങി വീണ്ടും കുഴികളായി മാറിയത്.ഈ ഭാഗത്ത് പഴയ ടാറിങ് പൂർണമായും പൊളിച്ചുമാറ്റിയാണ് പുതിയ ടാറിങ് നടത്തിയത്. ടാറിങ് നടത്തിയതിനു പിന്നാലെ ഭാരവാഹനങ്ങൾ കടന്നുപോയതാണ് ഇളകിനീങ്ങാൻ കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്.