വടക്കഞ്ചേരി : തൃശ്ശൂർ ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകൾ സർവീസ് റോഡിൽ കയറാതെ ദേശീയപാത വഴി പോകുന്നത് ഗുരുതര അപകടഭീഷണി ഉയർത്തുന്നു. അഞ്ചുമൂർത്തി മംഗലം കൊല്ലത്തറ മുതൽ വടക്കഞ്ചേരി ഭാഗത്തേക്കുള്ള ബസ്സുകൾ സർവീസ് റോഡിലൂടെ മംഗലം പാലം സ്റ്റോപ്പിൽ വന്ന് വടക്കഞ്ചേരി നഗരത്തിലേക്ക് പോകണം. ഇതിനായി പോസ്റ്റ് ഓഫീസ്,മംഗലം പാലം എന്നിവിടങ്ങളിൽ ബസ്സ് സ്റ്റോപ്പും ഉണ്ട്. എന്നാൽ സ്വകാര്യ ബസ്സുകൾ സമയം ലഭിക്കാൻ വേണ്ടി കൊല്ലത്തറ സ്റ്റോപ്പ് കഴിഞ്ഞു ദേശീയ പാത വഴിയാണ് പലപ്പോഴും പോകുന്നത്. പല ബസ്സുകളും പോസ്റ്റ് ഓഫീസ്, മംഗലം പാലം സ്റ്റോപ്പുകളിൽ ദേശീയ പാതയിൽ തന്നെ ബസ്സ് നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുകയാണ്. സർവീസ് റോഡിൽ ബസ്സ് കാത്തുനിൽക്കുന്ന യാത്രക്കാർ റോഡ് ക്രോസ്സ് ചെയ്ത് ഓടേണ്ട അവസ്ഥയാണ്. നാലുവരി പാതയിൽ നിയമം ലംഘിച്ചു ബസ്സുകൾ നിർത്തുന്നത് അപകടം ക്ഷണിച്ചു വരുത്തും. പിന്നിൽ വരുന്ന വാഹനങ്ങൾ ബസ്സിൽ ഇടിക്കാനും സാധ്യതയുണ്ട്. ബസ്സിൽ കയറുവാനായി ഓടുന്ന യാത്രക്കാർക്കും ഇത് അപകട ഭീഷണിയാണ്. മംഗലം പോസ്റ്റ് ഓഫീസ് ഭാഗത്തു നാട്ടുകാർ പല തവണ ഇതിനെതിരെ സമരങ്ങൾ നടത്തിയിട്ടുണ്ട്. പ്രക്ഷോഭം ഉണ്ടാവുമ്പോൾ മാത്രം ഉണരുന്ന അധികൃതർ പിൻവലിയുന്നത്തോടെ കാര്യങ്ങൾ വീണ്ടും പഴയപടി തന്നെ. സർവീസ് റോഡ് വഴി കയറാത്ത ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.