നെല്ലിയാമ്പതി ചുരം പാതയിലെ മാലിന്യം വനമേഖലയിൽ കത്തിച്ചു

നെല്ലിയാമ്പതി : മാലിന്യ സംസ്‌കരണത്തിന് സംവിധാനങ്ങളുണ്ടായിരിക്കെ പ്ലാസ്റ്റിക് മാലിന്യം വനമേഖലയിൽത്തന്നെ കൂട്ടിയിട്ട് കത്തിച്ചു. നെല്ലിയാമ്പതി ചുരംപാതയിൽ 14-ാം വ്യൂപായിന്റിനുസമീപം പ്ലാസ്റ്റിക്മാലിന്യം ഇടുന്നതിനായി സ്ഥാപിച്ച മാലിന്യത്തൊട്ടിയുടെ പരിസരത്താണ് ഭക്ഷണാവശിഷ്ടവും പ്ലാസ്റ്റിക് മാലിന്യവും വന്യമൃഗങ്ങൾക്കുപോലും ഭീഷണിയാകുന്ന രീതിയിൽ കിടന്നിരുന്നത്. ഇതുസംബന്ധിച്ച് മംഗലംഡാം മീഡിയ വാർത്ത നൽകിയിരുന്നു അതിനു പിന്നാലെ തിങ്കളാഴ്ചകാലത്ത് സഞ്ചാരികൾ എത്തുന്നതിനുമുൻപ് വനമേഖലയിൽത്തന്നെ കൂട്ടിയിട്ട് കത്തിച്ചത്.ദിവസേന നൂറുകണക്കിന് സഞ്ചാരികളെത്തുന്ന നെല്ലിയാമ്പതിയിലെ വിവിധ വ്യൂപോയിന്റുകളിൽ പ്ലാസ്റ്റിക് കുപ്പികൾ ഇടുന്നതിനായി വനംവകുപ്പ് ഇരുമ്പുതൊട്ടി സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഇടുന്നതിനുപുറമേ പ്ലാസ്റ്റിക് കുപ്പികളും ചില്ലുകുപ്പികളും വ്യൂപോയിന്റുകൾക്ക് സമീപം സഞ്ചാരികൾ കൊണ്ടിടാറുണ്ട്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ഇത്തരം മാലിന്യം ശേഖരിച്ച് മാറ്റുന്നത്. മാലിന്യസംസ്‌കരണത്തിന് നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിനുകീഴിൽ ഹരിതകർമസേന പ്രവർത്തിക്കുമ്പോഴാണ് വനമേഖലയിൽ പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ കത്തിച്ചത്.