ആലത്തൂർ പോലീസ് സ്റ്റേഷന് സംസ്ഥാന പോലീസ് മേധാവിയുടെ ആദരം

ആലത്തൂർ : ആലത്തൂർ പോലീസ് സ്റ്റേഷൻ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ടതും, രാജ്യത്തിൻ്റെ മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനിലൊന്നായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതും അഭിമാനകരമായ നേട്ടത്തിന് സംസ്ഥാന പോലീസ് മേധാവി ആലത്തൂർ പോലീസിനെ അനുമോദിച്ചു. സംസ്ഥാന പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആലത്തൂർ എസ്.എച്ച്.ഒ ടി.എൻ. ഉണ്ണികൃഷ്ണൻ, എസ്.ഐ വിവേക് നാരായണൻ, സി.പി.ഒ രാജീവ് എന്നിവർ ചേർന്ന് ആലത്തൂർ പോലീസ് സ്റ്റേഷനു വേണ്ടി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഐ.പി.എസ്-ൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി . ചടങ്ങിൽ എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം ഐ.പി.എസ് , പി. വിജയൻ ഐ.പി.എസ് മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.മികച്ച പോലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത് പലതരം കുറ്റാന്വേഷണ മികവുകൾ, ക്രമസമാധാനപാലനം, ഉപയോക്തൃ സൗകര്യങ്ങൾ, ഉദ്യോഗസ്ഥരുടെ പെരുമാറ്റ ഗുണം, കേസുകളുടെ പരിഹാരനേർവാദങ്ങൾ എന്നിവയടക്കമുള്ള നൂറിലധികം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്.സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾക്ക് എതിരെ സ്വീകരിച്ച നടപടികൾ, ജനങ്ങളോടുള്ള നല്ല പെരുമാറ്റം, കേസുകൾ തീർപ്പാക്കലിലെ വേഗതയും, കുറ്റകൃത്യങ്ങൾ തടയാനുള്ള നടപടികളും ഈ അവാർഡിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടു.