തിരുവറ റോഡിൽഇറിഗേഷൻ കനാൽ കൈയേറി പാലം നിർമാണം നടക്കുന്നതായി പരാതി

വടക്കഞ്ചേരി :കിഴക്കഞ്ചേരി തിരുവറ റോഡിൽ ഇറിഗേഷൻ കനാൽ കൈയേറി പാലം നിർമാണം നടക്കുന്നതായി പരാതി. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്വാകര്യ വ്യക്തിയുടെ കൃഷിഭൂമി നികത്തി വീട് വെക്കുവാൻ എന്ന വ്യാജേനയുള്ള ഇറിഗേഷൻ കനാൽ കൈയേറ്റത്തിനെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് എ.ഐ.റ്റി.യു.സി ആലത്തൂർ മണ്ഡലം സെക്രട്ടറി എ.വി അബ്ബാസ് ആവശ്യപ്പെട്ടു. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട കൃഷിഭൂമിയിലാണ് വീട് നിർമ്മാണത്തിന് പെർമിറ്റും എടുക്കാതെയുള്ള ഈ അനധികൃത നിർമ്മാണമെന്ന് എ.വി അബ്ബാസ് ആരോപിച്ചു.യാതൊരു മാനദണ്ഡവും പാലിക്കാതെ അനതികൃതമായി കനാൽ കൈയേറി പാലം നിർമാണം ഉൾപ്പെടെ വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കിഴക്കഞ്ചേരി ഒന്ന് വില്ലേജ്,കൃഷിഭവൻ അതിർത്തികളിൽ ഇതുപോലെ വ്യാപക ക്രമകേടുകൾ നടക്കുമ്പോൾ ബന്ധപ്പെട്ട അധികാരികൾ മൗനം പാലിക്കുകയാണ്. ഈ വിഷയത്തിൽ യുദ്ധകാലടിസ്ഥാനത്തിൽ തീരുമാനം എടുക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറക്കണമെന്നും അല്ലാത്ത പക്ഷം എ.ഐ.റ്റി.യു.സി തൊഴിലാളി കർഷക സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും എ.ഐ.റ്റി.യു.സി ആലത്തൂർ മണ്ഡലം സെക്രട്ടറി എ.വി അബ്ബാസ് പറഞ്ഞു.