ഇന്ധനം തീര്‍ന്ന ഭീമൻ ബലൂണ്‍ പാലക്കാട്ടെ പാടത്ത് ഇടിച്ചിറക്കി

പാലക്കാട്‌ : ഇന്ധനം തീർന്നതിനെ തുടർന്ന് അപകടത്തില്‍പ്പെട്ട ഭീമൻ ബലൂണ്‍ പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്തേക്കിറക്കി. തമിഴ്‌നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നല്‍കുന്ന രണ്ട് പേരുമായിരുന്നു ബലൂണില്‍ ഉണ്ടായിരുന്നത്. പൊള്ളാച്ചിയില്‍ തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിന്റെ ഭാഗമായുള്ള ബലൂണ്‍ പറപ്പിക്കലിനിടെ ആയിരുന്നു അപകടം. രാവിലെ എട്ടരയോടെയാണ് പാടത്ത് ബലൂണ്‍ ഇടിച്ചിറക്കിയത്. പൊള്ളാച്ചിയില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ പറന്നാണ് കന്നിമാരിയില്‍ ബലൂണ്‍ എത്തിയത്. ഈ സമയത്താണ് ബലൂണില്‍ ഇന്ധനം തീര്‍ന്നതായി തിരിച്ചറിയുന്നത്. ഒരു ഘട്ടത്തില്‍ തിരിച്ചു പറക്കാൻ ശ്രമിച്ചെങ്കിലും അപകട സാധ്യത കണ്ട് പിന്മാറുകയായിരുന്നു. കര്‍ഷകനായ വേലായുധൻ കുട്ടിയുടെ പാടത്തായിരുന്നു ബലൂണ്‍ ഇറക്കിയത്. പാടത്ത് ഞാറ് നട്ടിരിക്കുന്ന സമയം ആയിട്ടുകൂടി കുട്ടികളുടെ സുരക്ഷയെ കരുതി കര്‍ഷകൻ കൂടി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ബലൂണ്‍ ഇടിച്ചിറക്കിയത്. സംഭവം അറിഞ്ഞയുടൻ പൊലീസും കമ്പനി അധികൃതരും എത്തി കുട്ടകളെ സുരക്ഷിതരായി മാറ്റിയിരുന്നു. പാടത്തിറക്കിയ ബലൂണ്‍ ചുരുട്ടിയെടുത്ത് മാറ്റി.