ചെന്നയ്ക്കപ്പാടത്ത് 30 ഏക്കർ രണ്ടാംവിള നെൽക്കൃഷി ഉപേക്ഷിച്ചു

കനാൽവെള്ളം എത്താത്തതിനെത്തുടർന്ന് അഞ്ചുമൂർത്തിമംഗലം ചെന്നയ്ക്കപ്പാടം പാടശേഖരത്തിൽ 30 ഏക്കർ രണ്ടാംവിള നെൽക്കൃഷി ഉപേക്ഷിച്ചു. പാടശേഖരത്തിനു കീഴിലുള്ള അകംപാടം, കുന്നേക്കാട്, മാരിയമ്മൻ കോവിൽ, വടുകൻതൊടി, മൂച്ചിത്തൊടി എന്നിവിടങ്ങളിലാണ് രണ്ടാംവിള ചെയ്യാനാകാതെ പാടം തരിശിടേണ്ടിവന്നത്.കനാൽവെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ തയ്യാറാക്കിയ ഞാറ്റടിയും ഉണങ്ങിയെന്നു കർഷകനായ വി. പ്രഭാകരൻ പറഞ്ഞു. മംഗലംഡാം വലതുകര കനാലിൽ ചെല്ലുപടിയിൽനിന്ന്‌ ആരംഭിക്കുന്ന ഉപകനാൽ വഴിയാണ് ചെന്നയ്ക്കപ്പാടത്തു വെള്ളമെത്തുന്നത്.അറ്റകുറ്റപ്പണിയുടെ ഭാഗമായി ഉപകനാലിൽ രണ്ടിടങ്ങളിലായി കുറച്ചുദൂരം കോൺക്രീറ്റ് ചെയ്തിരുന്നു. അടിഞ്ഞുകൂടിക്കിടന്ന മണ്ണു നീക്കി കനാലിന്റെ യഥാർഥനിരപ്പിനനുസരിച്ചാണ് കോൺക്രീറ്റ് ചെയ്തത്. ഇതോടെ കോൺക്രീറ്റ് ചെയ്ത ഭാഗം താഴ്ന്നും തുടർന്നുള്ള ഭാഗം ഉയർന്ന നിലയിലുമായി. ഇതോടെ വെള്ളം ചെന്നയ്ക്കപ്പാടം വരെ എത്താതായി.മണ്ണു നീക്കി വെള്ളം താഴേക്കെത്തിക്കാൻ ജലസേചനവകുപ്പ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അടുത്ത രണ്ടാംവിള കാലമാകുമ്പോഴേക്കും പ്രശ്നം പരിഹരിച്ച് വെള്ളമെത്തിക്കണമെന്നാണു കർഷകരുടെ ആവശ്യം.