പന്നിയങ്കരയിൽ ഇന്ന് മുതൽ ടോൾ പിരിക്കില്ല; ആശയക്കുഴപ്പങ്ങൾക്കിടയിൽ രജിസസ്‌ട്രേഷൻ നടപടികൾ തുടരുന്നു.

ബെന്നി വർഗിസ്
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് മുതൽ ടോൾ പിടിക്കുമോ എന്ന ആശയക്കുഴപ്പങ്ങൾക്ക് വ്യക്തത വരുത്തി ടോൾ കമ്പനി അധികൃതർ. എന്നാൽ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്കുള്ള രജിസ്ട്രഷൻ കമ്പനി തുടരുകയാണ്. ഇന്ന് വരെ ആയിരത്തോളം പേർ രെജിസ്റ്റർ ചെയ്തതായി കമ്പനി അറിയിച്ചു.

ഫെബ്രുവരി അഞ്ചു വരെ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കില്ല. ഇന്നലെ അവസാനിക്കുമെന്ന് അറിയിച്ചിരുന്ന രജിസ്ട്രേഷൻ നടപടികൾ ഫെബ്രുവരി അഞ്ചു വരെ തുടരും. രെജിസ്റ്റർ ചെയ്യണമെന്ന് അറിയിച്ച് കമ്പനി നോട്ടിസ് പതിച്ചത് സംബന്ധിച്ച് എം എൽ എ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും കമ്പനി അധികൃതർ പറയുന്നു.

പ്രദേശവാസികളുടെ ടോള്‍ സംബന്ധിച്ച്‌ പഠിക്കാൻ വിദഗ്ദ സമിതിയെ ചുമതലപ്പെടുത്താനും ഈ മാസം 30 വരെ ടോള്‍ പ്ലാസ വഴി കടന്നുപോകുന്ന സമീപത്തെ ആറ് പഞ്ചായത്തുകളിലെ വാഹനങ്ങളുടെ മൊത്തം കണക്കെടുപ്പ് നടത്താനുമാണ് യോഗത്തില്‍ തീരുമാനിച്ചിരുന്നത്.

ജോയിന്റ് ആർ.ടി.ഒയുടെ സഹകരണത്തോടെ നടത്തുന്ന വാഹന കണക്കെടുപ്പിനു ശേഷം കെ.രാധാകൃഷ്ണൻ എം.പിയെ കൂടി പങ്കെടുപ്പിച്ച്‌ ഫെബ്രുവരി അഞ്ചിന് വിഷയം വീണ്ടും ചർച്ച ചെയ്യുമെന്നാണ് എം.എല്‍.എ അറിയിച്ചിരുന്നത്. അതുവരെ തത്‌സ്ഥിതി തുടരണമെന്നും ദേശീയപാതാ അതോറിറ്റി പ്രതിനിധികളും കരാർ കമ്പനി അധികൃതരും പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. സർവകക്ഷിയോഗത്തില്‍ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് പ്രസിഡന്റുമാരും ജനകീയ സമിതി ഭാരവാഹികളും പങ്കെടുത്തിരുന്നു.

എന്നാല്‍ കമ്പനിയുടെ ഭീഷണിയിൽ വാഹന ഉടമകളായ ആയിരത്തോളം പേർ ആർ.സി ബുക്കിന്റെ പകർപ്പും മറ്റു രേഖകളും ടോള്‍ ബൂത്തില്‍ ഏല്പിക്കുന്നുണ്ട്. രേഖകള്‍ നല്‍കിയില്ലെങ്കില്‍ ഫെബ്രുവരി 5 മുതല്‍ സൗജന്യ പാസ് അനുവദിക്കില്ലെന്ന ടോള്‍ കമ്പനിയുടെ ഭീഷണിയാണ് കാരണം. വിഷയത്തില്‍ കൂട്ടായ തീരുമാനത്തോടെ നീങ്ങാൻ ഉടൻ എം.എല്‍.എ ഇടപ്പെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.